ഫ്ലൈദുബൈ, എയർ അറേബ്യ, എമിറേറ്റ്സ് യാത്രക്കാർക്ക് നിർണായക മുന്നറിയിപ്പ്: ചില വിമാന സർവീസുകൾ ഇന്നും റദ്ദാക്കി

ദുബൈ: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് പുറപ്പെടുന്നതും യുഎഇയിലേക്ക് എത്തുന്നതുമായ ചില വിമാന സർവീസുകൾ ഇന്നും (ജൂലൈ 27) റദ്ദാക്കുകയും സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തു. എന്നാൽ യുഎഇയിലെ വിമാനത്താവളങ്ങളിലെ ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാൽ ചില റൂട്ടുകളിലാണ് ഫ്ലൈദുബൈ, എയർ അറേബ്യ, എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട എയർലൈനിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ കസ്റ്റമർ സർവീസ് വഴി പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

റദ്ദാക്കിയ പ്രധാന സർവീസുകൾ

ഫ്ലൈദുബൈ (flydubai):

* FZ815 – ദുബൈ – അബ്ഹ

* FZ811 – ദുബൈ – അബ്ഹ

* FZ059 – ദുബൈ – കുവൈത്ത്

എമിറേറ്റ്സ് (Codeshare):

* EK2048 – ദുബൈ – കുവൈത്ത്

എയർ അറേബ്യ:

* F3506 – റിയാദ്

* G9068 – ഷാർജ – കുവൈത്ത്

* G9124 – ഷാർജ – കുവൈത്ത്

* G9107 – ഷാർജ – ബഹ്റൈൻ

* G9105 – ഷാർജ – ബഹ്റൈൻ

* G9195 – ഷാർജ – അബ്ഹ

 നാളെ ഷാർജയിൽ നിന്ന് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, കുവൈത്തിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് സർവീസുകളിലും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ തടസ്സങ്ങൾ തുടരുകയാണ്.

ദുബൈ വിമാനത്താവളത്തിന്റെ നിർദേശങ്ങൾ

യാത്രക്കാർക്ക് ദുബൈ ഇന്റർനാഷണൽ എയർപോർട്ട് നൽകിയ നിർദേശങ്ങൾ:

* പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തുക.

* സുരക്ഷാ പരിശോധനയ്ക്കും ഇമിഗ്രേഷനും കൂടുതൽ സമയം വേണ്ടിവരാൻ സാധ്യതയുണ്ട്.

* പുറപ്പെടുന്നതിന് കുറഞ്ഞത് 60 മിനിറ്റ് മുമ്പ് ബോർഡിങ് ഗേറ്റിലെത്തുക.

* റോഡിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നേരത്തെ പുറപ്പെടുക 

* പ്രത്യേകിച്ച് എമിറേറ്റ്സ് ടെർമിനൽ 3 യാത്രക്കാർക്ക് കഴിയുന്നിടത്തോളം ദുബൈ മെട്രോ ഉപയോഗിക്കുക.

ഓൺലൈൻ ചെക്ക്-ഇൻ, സെൽഫ് സർവീസ് കിയോസ്കുകൾ, എയർലൈൻ മൊബൈൽ ആപ്പുകൾ, നേരത്തെയുള്ള ബാഗേജ് ഡ്രോപ്പ് എന്നിവയും ഉപയോഗിക്കുന്നത് നല്ലതാണ്. 

 വിവിധ രാജ്യങ്ങളുടെ യാത്രാ മുന്നറിയിപ്പ്

പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പ് ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. മിസൈൽ, ഡ്രോൺ ആക്രമണ സാധ്യതകളും സൈനിക നീക്കങ്ങളും കണക്കിലെടുത്ത് വിമാനക്കമ്പനികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഏജൻസി നിർദേശിച്ചു.

 യാത്രക്കാർ ശ്രദ്ധിക്കേണ്ടത്

വിമാന സർവീസുകളുടെ സമയക്രമം അവസാന നിമിഷവും മാറാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് നിർബന്ധമായും പരിശോധിക്കണം. യാത്രാ രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കുകയും എയർലൈൻ, വിമാനത്താവള അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Share