പുലർച്ചെ എഴുന്നേറ്റില്ല, അമ്മയെത്തി വിളിച്ചിട്ടും അനക്കമില്ല; യുവാവ് ചോര വാർന്ന് മരിച്ച നിലയിൽ; പിന്നിൽ ലഹരിസംഘമെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട്ടെ പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജു ആണ് മരിച്ചത്. ചോര വാർന്ന നിലയിലാണ് ബിജുവിൻ്റെ മൃതദേഹം. കൊലപാതകമെന്ന് സംശയമുണ്ട്. മരണത്തിൽ ദുരൂഹത ഉള്ളതായി ബിജുവിൻ്റെ അമ്മ ബേബി പറഞ്ഞു.

പുലർച്ചെ മൂന്നുമണിയോടെ ആണ് ബിജുവിനെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനും വയറിനും വെട്ടേറ്റ പാടുകളുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക പരിശോധയിലെ കണ്ടെത്തൽ. ഇൻക്വസ്റ്റ് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. കൊലപാതകമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ക്ഷീരകർഷകരാണ് ബിജുവിൻ്റെ കുടുംബം. ബിജുവിനെ ജോലികൾ ഏൽപ്പിച്ച് ശേഷം പിതാവ് ഇന്നലെ കോയമ്പത്തൂരിലേക്ക് പോയിരുന്നു. പുലർച്ചെ ബിജുവിനെ കാണാത്തതിനെ തുടർന്ന് അമ്മ എത്തിയപ്പോഴാണ് ചോര വാർന്ന നിലയിൽ കണ്ടെത്തുന്നത്. പുലർച്ചെ മൂന്നുമണിക്ക് വിളിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ലെന്നും മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അമ്മ ബേബി പറയുന്നു.

സംശയം തോന്നി മുറി തുറന്നപ്പോൾ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും അനക്കമുണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു. സാധാരണ മുറി അകത്തുനിന്ന് പൂട്ടിയാണ് ബിജു കിടക്കാറുള്ളത്. പുലർച്ചെ താൻ വിളക്കുമ്പോഴാണ് എഴുന്നേൽക്കുന്നതെന്നും അമ്മ കൂട്ടിച്ചേർത്തു. അമ്മ വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസി ആണ് പൊലിസിനെ സംഭവം വിളിച്ചറിയിച്ചത്.

സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാളയം പച്ചക്കറി മാർക്കറ്റിന് തൊട്ടു പിന്നിൽ വരുന്ന പ്രദേശമാണിത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഇവിടെ പൊലീസിന്റെ പരിശോധന നടക്കാറുണ്ടെന്ന് പറയുന്നു. പരസ്യ മദ്യപാനികളെക്കുറിച്ചുള്ള വിവരങ്ങൾ ബിജു പൊലീസിന് നൽകാറുണ്ടെന്ന് അമ്മ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ഇതിൻ്റെ വൈരാഗ്യമാണോയെന്ന സംശയം കുടുംബത്തിനുണ്ട്. ശനിയാഴ്ച രാത്രി പത്തരയ്ക്ക് ബിജുവിനെ കണ്ടിരുന്നതായും യുവാവിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാരും പറഞ്ഞു.

Share