വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് കനത്ത പിഴയും തടവും: മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: എൻട്രി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത പ്രവാസികൾക്ക് കടുത്ത ശിക്ഷാനടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. നിയമലംഘനം നടത്തുന്നവർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. ഇതിന് പുറമെ ഇവരെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന വ്യക്തികളെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിലൂടെയും, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് 999 എന്ന നമ്പറിലൂടെയും ബന്ധപ്പെട്ട അധികാരികളെ വിളിച്ച് അറിയിക്കാവുന്നതാണ്.
.
വിദേശികളുടെ പ്രവേശനത്തെയും താമസത്തെയും നിയന്ത്രിക്കുന്ന ചട്ടങ്ങളും നിയമങ്ങളും കർശനമായി നടപ്പിലാക്കുക വഴി രാജ്യത്തിന്റെ സുരക്ഷയും പൊതു ക്രമവും ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ കൂടിയാണ് ഈ പുതിയ കർശന നിയമങ്ങളെന്നും അധികൃതർ വ്യക്തമാക്കി.


