ഇതാണ് ആ 14 വ്യവസ്ഥകള്‍; യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണാപത്രത്തിന്റെ കരട് പുറത്ത്

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇരുരാജ്യങ്ങളും ഒപ്പുവെക്കാനിരിക്കുന്ന 14 ഇന ധാരണാപത്രത്തിന്റെ കരട് രേഖ യുഎസ് ചാനലായ സിഎന്‍എന്‍ (ആണ് പുറത്തുവിട്ടത്.

യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍. തങ്ങള്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ കരാറില്‍ പറയുന്നുണ്ട്.

ഔദ്യോഗികമായി പുറത്തുവിടാത്ത ഈ രേഖ ഒരു യുഎസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് ലഭിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആഴ്ച ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ ഈ രേഖ നേരിട്ട് കണ്ട ഒരു നയതന്ത്രജ്ഞനും, ചര്‍ച്ചകളില്‍ പങ്കാളികളായ മറ്റ് രണ്ട് നയതന്ത്ര വൃത്തങ്ങളും ഇതിലെ വിവരങ്ങള്‍ ശരിവെച്ചിട്ടുണ്ട്.

കരാര്‍ പ്രകാരം ഇറാനെ തങ്ങളുടെ എണ്ണയും പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ യുഎസ് അനുവദിക്കും. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയാണെങ്കില്‍, യുഎസും സഖ്യകക്ഷികളും രൂപീകരിക്കുന്ന 300 ബില്യണ്‍ ഡോളറിന്റെ വികസന ഫണ്ട് ഉപയോഗപ്പെടുത്താന്‍ ഇറാന് സാധിക്കും. എന്നാല്‍, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഈ കരട് രേഖയിലില്ല.

Share