മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; കാൻസർ രോഗിയായ 3 വയസ്സുകാരന് ദാരുണാന്ത്യം

ഭോപാൽ: രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ ഭോപ്പാൽ എയിംസിൽ മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ ശരീരത്തിലേക്ക് നഴ്‌സ് മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചതാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.

അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തി. രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസെടുത്തു. കോശങ്ങൾ, മൃതദേഹങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്.

2025 ഡിസംബറിലാണ് സംഭവം നടന്നത്. സഗർ ജില്ലയിലെ ബീനാ തഹസിലിലുള്ള കൗർജ ഗ്രാമത്തിലെ താമസക്കാരനായ സിദ്ധാർഥ് യാദവിന്റെ മകൻ സാർദ്ധക് യാദവാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ 2025 ഡിസംബർ 15നാണ് ഭോപാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന കുട്ടി നിരന്തരമായ മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു.

ഡിസംബർ 17ന് രാവിലെയാണ് മാരകമായ പിഴവ് സംഭവിച്ചതെന്നു കുടുംബം ആരോപിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് ഓഫിസർ കൃത്യമായി പരിശോധിക്കാതെ സിറിഞ്ചിലുണ്ടായിരുന്ന ദ്രാവകം ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. താൻ നഴ്‌സിനെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് കുട്ടിയുടെ പിതാവ് സിദ്ധാർഥ് യാദവ് പറഞ്ഞു.

കുത്തിവയ്പ്പെടുത്ത ഉടൻ തന്നെ സാർദ്ധക്കിന്റെ നില വഷളായി. ബോധരഹിതനായ കുട്ടിയെ ഉടൻ തന്നെ പിഐസിയുവിലേക്ക് മാറ്റി. ഡോക്ടർമാർ സിപിആർ ‌നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കുഴഞ്ഞുവീണതിന് പിന്നാലെ ഐവി ബോട്ടിൽ മാറ്റിക്കളയാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചതായും കുടുംബം ആരോപിച്ചു. എയിംസിന്റെ ആഭ്യന്തര അന്വേഷണത്തിൽ, സാർദ്ധക്കിന്റെ മരണത്തിന് കാരണം ഐവിയിലൂടെ ഫോർമാലിൻ ശരീരത്തിനുള്ളിൽ എത്തിയതാണെന്ന് കണ്ടെത്തി. നഴ്‌സിങ് ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

നഴ്‌സിങ് ഓഫിസർ മധുബാല ശർമയാണ് രാസവസ്തു കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചത്. മറ്റൊരു നഴ്‌സിങ് ഓഫിസറായ അനുക ഫോർമാലിൻ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു. എയിംസ് അധികൃതർ രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

Share
error: Content is protected !!