വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ചുപേരെ കൊലപ്പെടുത്തി

ബെയ്‌റൂത്ത്: ലബനാനില്‍ പരക്കെ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍. ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിലവില്‍ ദുര്‍ബലമായി തുടരുന്ന വെടിനിര്‍ത്തലിനെ കൂടുതല്‍ വഷളാക്കുന്നതാണ് ഇസ്‌റാഈലിന്റെ നടപടിയെന്ന് ലബനാന്റെ ദേശീയ വാര്‍ത്ത ഏജന്‍സി (എന്‍.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു.

10 ദിവസത്തെ ഇസ്‌റാഈല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്നശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഏപ്രില്‍ 16ാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്.

അല്‍-അഖ്ബാര്‍ പത്രത്തിന്റെ ലേഖികയായിരുന്ന അമല്‍ ഖലീലാണ് (43) കൊല്ലപ്പെട്ടത്. അവര്‍ക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ക്ക് ഗുരുതര പരുക്കേറ്റു. തങ്ങളുടെ ആക്രമണത്തില്‍ രണ്ടു പത്രപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്നാണ് ഇസ്‌റാഈല്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. നേരത്തെ, തെക്കന്‍ ലെബനാനിലെ അത്-തിരി (മേഠശൃശ) ഗ്രാമത്തില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അമല്‍ ഖലീലിനെയും ഫ്രീന്‍ലാന്‍സ് ഫോട്ടോഗ്രാഫര്‍ സൈനബ് ഫറജിനെയും ഇസ്‌റാഈല്‍ ആക്രമിക്കുന്നത്. ആക്രമണം അവസാനിച്ച ശേഷം നടത്തിയ തെരച്ചിലില്‍ അമലിനെ സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൈനബ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

ആക്രമണം തുടര്‍ന്നതോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അമലിനുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരുക്കേറ്റവരെയും മാധ്യമപ്രവര്‍ത്തകരെയും രക്ഷിക്കാന്‍ എത്തിയ ആംബുലന്‍സുകളെയും ഇസ്‌റാഈല്‍ തടഞ്ഞു. നിലക്കാത്ത ആക്രമണവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. യോഹ്‌മോര്‍ അല്‍-ഷാഖിഫ് എന്ന പട്ടണത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. 

Share
error: Content is protected !!