കപ്പലിനുനേരെയുള്ള ആക്രമണം: അമേരിക്ക പാഠം പഠിക്കുന്നില്ല, തിരിച്ചടി ഉടനെന്ന് ഇറാൻ
തെഹ്റാൻ: ഇറാനിയൻ ചരക്കുകപ്പലിനെതിരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രണത്തിൽ ഉടൻതന്നെ തിരിച്ചടി നൽകുമെന്ന് ഇറാൻ. വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ് അമേരിക്ക. മുൻ അനുഭവങ്ങളിൽനിന്ന് അമേരിക്ക പാഠംപഠിക്കുന്നില്ലെന്നും ഇറാൻ പ്രതികരിച്ചു.
“അക്രമാസക്തരായ അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാന്റെ വാണിജ്യ കപ്പലിനെ ആക്രമിച്ചു. കപ്പലിന് നേരെ വെടിയുതിർത്ത് നാവിഗേഷൻ സംവിധാനം തകരാറിലാക്കി. അമേരിക്കൻ സൈന്യത്തിൻ്റെ ഈ നടപടിക്കും ആക്രമണത്തിനും സായുധസേന ഉടൻ തിരിച്ചടി നൽകുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു.”- ഇറാൻ്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് മുന്നറിയിപ്പ് നൽകി.
ചൈനയിൽ നിന്ന് ഇറാനിലേക്ക് വരികയായിരുന്ന ‘തൂസാക്’ എന്ന ഇറാനിയൻ കണ്ടെയ്നർ കപ്പലിന് നേരെ ഞായറാഴ്ച രാത്രി ഒമാൻ ഉൾക്കടലിൽവെച്ചാണ് അമേരിക്കൻ സേന ആക്രമണം നടത്തിയത്. ചരക്കുകപ്പൽ പിടിച്ചടക്കുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കൻ സൈന്യം പുറത്തുവിട്ടു.
ആക്രമണത്തിന് പിന്നാലെ, തിരിച്ചടിയായി പ്രദേശത്തെ നിരവധി അമേരിക്കൻ സൈനിക കപ്പലുകൾക്ക് നേരെ ഇറാനിയൻ സൈന്യം ഡ്രോൺ ആക്രമണം നടത്തി.
..


