പടക്ക നിർമാണ യൂണിറ്റില്‍ വൻ സ്ഫോടനം; 17 മരണം, മൃതദേഹങ്ങൾ ചിന്നിച്ചിതറി

ചെന്നൈ: തമിഴ്നാട്ടിൽ വിരുദുനഗറിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 17 മരണം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറി. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

ഗുരുതരമായി പരുക്കേറ്റ 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടിപ്പുണ്ടോ എന്നറിയാൻ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. സ്ഫോടനസമയത്ത് മുപ്പതിലധികം ജീവനക്കാർ ജോലിയിലുണ്ടായിരുന്നു എന്നാണു വിവരം,

വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്ന് അപകടമുണ്ടായത്. സ്ഫോടനം നടന്നപ്പോൾ 10 കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടന ശബ്ദം കേട്ട ഉടൻ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

പത്തിലധികം മുറികളുള്ള നിർമാണശാലയുടെ നാല് മുറികൾ സ്ഫോടനത്തിൽ പൂർണമായും തകർന്നു. മുത്തുമാണിക്കം എന്നയാളിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം സാധാരണ ഞായറാഴ്ച പ്രവർത്തിക്കാറില്ല. എന്നാൽ തിരഞ്ഞെടുപ്പു പ്രമാണിച്ച് 23-ാം തീയതി അവധി നൽകേണ്ടതിനാൽ ഇന്ന് പ്രവർത്തിക്കുകയായിരുന്നു എന്നാണ് സൂചന.

പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരണപ്പെട്ട വാർത്ത അതീവ ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും മേൽനോട്ടം വഹിക്കാനും ദുരിതബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും മന്ത്രിമാരോട് ഉടൻ സംഭവസ്ഥലത്തെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കലക്ടറെ ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകിയെന്നും എം.കെ.സ്റ്റാലിൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറ‍ഞ്ഞു.

Share
error: Content is protected !!