ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി, എല്ലിന് പൊട്ടൽ

ചെങ്ങന്നൂർ (ആലപ്പുഴ): മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ.പിള്ളയ്ക്കാണ് (35) മൂക്കിനു ഗുരുതരമായി പരുക്കേറ്റത്. അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

12നാണ് സംഭവം. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നതു ശ്രദ്ധയിൽപെട്ട സ്മിത പലതവണ താക്കീത് നൽകിയിട്ടും വിദ്യാർഥി കൂട്ടാക്കിയില്ല. വിഡിയോ പകർത്തി പ്രിൻസിപ്പലിനോടു റിപ്പോർട്ട് ചെയ്യുമെന്നു പറഞ്ഞപ്പോൾ സ്മിതയുടെ ഫോൺ വിദ്യാർഥി എടുത്തെറിയുകയും മൂക്കിൽ തുടർച്ചയായി ഇടിക്കുകയുമായിരുന്നെന്നു ഭർത്താവ് ദീപക് പറയുന്നു.

രക്തം വാർന്നു ബോധരഹിതയായി വീണ സ്മിതയെ മറ്റ് അധ്യാപകർ ചേർന്ന് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കു ശേഷം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു പ്രവേശിപ്പിക്കാൻ നിർദേശിച്ചു. മൂക്കിന്റെ എല്ലിനു പൊട്ടലുണ്ട്.

മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ദീപക് പറഞ്ഞു. ഒരു വർഷം മുൻപാണ് സ്മിത സ്കൂളിൽ അധ്യാപികയായി ജോലിക്കു ചേർന്നത്. രണ്ടായിരത്തോളം അധ്യാപകരുള്ള മാലദ്വീപിൽ‍ 75 ശതമാനം പേരും മലയാളികളാണെന്നും ഇവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ദീപക് പറയുന്നു. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
….

Share
error: Content is protected !!