‘സർ അല്ല മൃഗം, ക്ലാസില്‍ വന്നാലും ഒന്നും പഠിപ്പിക്കില്ല; ബോഡി ഷെയ്മിങ്ങായിരുന്നു പ്രധാനം’: നിതിന്റെ സഹപാഠികൾ

തിരുവനന്തപുരം: ‘‘സര്‍ എന്ന് വിളിക്കാന്‍ പോലും തോന്നുന്നില്ല, ഒരു മൃഗമാ അത്. ഒരു കോളജിലും ഒരു കുട്ടിയേയും പഠിപ്പിക്കാന്‍ പാടില്ല, സാര്‍ അല്ല അത്’’ – കണ്ണൂര്‍ ഡെന്റല്‍ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാമിനെക്കുറിച്ച്, കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിതിന്‍ രാജിന്റെ സഹപാഠിയായ പെണ്‍കുട്ടിയുടെ വാക്കുകളാണിത്.

നിതിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അധ്യാപകനെതിരെ സഹപാഠികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഭയം കൊണ്ടാണ് ആരും ഒന്നും പുറത്തു പറയാത്തതെന്നും നിതിനെ ടാര്‍ഗറ്റ് ചെയ്ത് ഹരാസ് ചെയ്തിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. 

‘‘നിതിന്റെ പേപ്പര്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ഓരോ കുട്ടികളെ കൊണ്ടും വായിപ്പിച്ച് അവനെ വല്ലാതെ ഹരാസ് ചെയ്തിരുന്നു. ക്ലാസില്‍ എല്ലാ കുട്ടികളെയും ബോഡി ഷെയ്മിങ് ചെയ്തിരുന്നു. എന്നെ ഫാറ്റി ഗേള്‍ എന്ന് വിളിക്കാറുണ്ട്. നിറം കുറവാണെങ്കില്‍ കറുത്തിട്ടാണെന്നു പറയും. നിറം കൂടിയ കുട്ടിയാണെങ്കില്‍ ‘ഓ യു ലുക്ക് ലൈക് സിന്‍ഡ്രല്ല’ എന്നും പറയും. സീനിയേഴ്‌സിനോടും അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. അറ്റന്‍ഡന്‍സ് കളയും എന്നാണ് എല്ലാവരുടെയും പേടി. അങ്ങനെ ചെയ്താല്‍ പരീക്ഷ എഴുതാന്‍ പറ്റില്ല. ക്ലാസില്‍ വന്നാലും ഒന്നും പഠിപ്പിക്കില്ല. മതപരമായ കാര്യങ്ങള്‍ പറയുകയും ബോഡി ഷെയ്മിങ്ങുമായിരുന്നു പ്രധാനം. 

പഠിപ്പിക്കാതെ ചോദ്യം ചോദിക്കും. ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇറക്കിവിടും. മൂന്നു മാസം അറ്റന്‍ഡന്‍സ് ഇല്ലെന്നു പറയും. പരാതി പറഞ്ഞാലും സാറിനു പ്രശ്‌നമല്ല. ഞാന്‍ ഒരാളെ കൊന്നിട്ടുണ്ടെന്ന് സാര്‍ ക്ലാസില്‍ പബ്ലിക് ആയിട്ട് പറഞ്ഞിട്ടുണ്ട്. പല തവണ പരാതി കൊടുത്തിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. പരാതി കൊടുത്താല്‍ നിങ്ങള്‍ക്കു തന്നെയാണ് നഷ്ടമെന്ന് സാര്‍ ക്ലാസില്‍ വന്നു ഭീഷണിപ്പെടുത്തിയിരുന്നു.

നിതിനെ പലപ്പോഴും മാനസികമായി പീഡിപ്പിച്ചിരുന്നു. അവന്‍ വിഷമങ്ങളൊക്കെ പറയുമായിരുന്നു. ക്ലാസില്‍നിന്നു പുറത്താക്കിയപ്പോള്‍, എന്നെ മാത്രം എന്തിനാണ് ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നതെന്നു പറഞ്ഞ് വല്ലാതെ വിഷമിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആഹാരം കഴിക്കാന്‍ തുടങ്ങുമ്പോഴാണ് നിതിന് അപകടം സംഭവിച്ചുവെന്ന് അറിയുന്നത്. എല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ആരും വീട്ടിലേക്കു വരാതിരുന്നത്’’ – സഹപാഠികള്‍ പറഞ്ഞു. 

നിതിന്റെ കുടുംബം ഇന്ന് ഡിജിപിയെ കണ്ട് പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിജിപി കുടുംബത്തെ അറിയിച്ചു.

Share
error: Content is protected !!