ട്രംപിനെ പിന്തുണയ്ക്കണം, വത്തിക്കാനെതിരെ സൈനികനടപടി ഭീഷണി; നിഷേധിച്ച് യുഎസ്

വാഷിങ്ടൻ: ട്രംപ് ഭരണകൂടത്തെ പിന്തുണച്ചില്ലെങ്കിൽ സൈനികനടപടി ഉണ്ടാകുമെന്നു വത്തിക്കാനെ യുഎസ് ഭീഷണിപ്പെടുത്തിയെന്ന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചു. ജനുവരിയിൽ യുഎസിലെ വത്തിക്കാൻ അംബാസഡറെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തു വിളിച്ചുവരുത്തിയെന്നതു സമ്മതിച്ച വൈറ്റ് ഹൗസ്, ആദരവോടെയുള്ള ചർച്ചയാണു നടന്നതെന്ന് അവകാശപ്പെട്ടു. എന്നാൽ, ചർച്ചയുടെ ഉള്ളടക്കം വെളിപ്പെടുത്തിയില്ല. 

മാർച്ച് വരെ യുഎസിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന കർദിനാൾ ക്രിസ്റ്റഫ് പിയറി ജനുവരി 22 നു പെന്റഗൺ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നു വത്തിക്കാനും സ്ഥിരീകരിച്ചു. സമകാലിക സംഭവങ്ങൾ ചർച്ച ചെയ്തെന്നല്ലാതെ വിശദാംശങ്ങൾ വത്തിക്കാനും വെളിപ്പെടുത്തിയില്ല.

എന്നാൽ, കൂടിക്കാഴ്ച അസുഖകരവും പ്രക്ഷുബ്ധവുമായിരുന്നുവെന്നാണ് ന്യൂയോർക്ക് ആസ്ഥാനമായ ദ് ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തത്. യുഎസ് പ്രതിരോധ വകുപ്പിലെ നയകാര്യ അണ്ടർ സെക്രട്ടറി എൽബ്രിജ് കോൽബി ‘ യുഎസിന്റെ സൈനികശക്തിക്ക് ഇഷ്ടമുളളതെന്തും ലോകത്ത് ചെയ്യാനാകും’ എന്ന് കർദിനാൾ പിയറിയെ ഭീഷണിപ്പെടുത്തിയെന്നാണു റിപ്പോർട്ടിലുള്ളത്. വിമർശനം ഉയർത്താതെ കത്തോലിക്കാസഭ ട്രംപിനൊപ്പം നിൽക്കണമെന്നായിരുന്നു ആവശ്യം.

Share
error: Content is protected !!