ശരണ്യയെ കണ്ടെത്തി: ആരോഗ്യവതിയെന്ന് വിവരം; കണ്ടെത്തിയത് വനമേഖലയിൽ നിന്ന്

കോഴിക്കോട്: മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യയെ (36) കണ്ടെത്തി. 

 പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ നാലു സംഘമായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്. വനമേഖലയിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്. ശരണ്യ ആരോഗ്യവതിയാണെന്നാണ് വിവരം.

കൊച്ചിയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു ഈ മാസം ഒന്നിന് ഇവിടെ എത്തിയത്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു വിരമിച്ച വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണ്. ബെംഗളൂരുവിൽ എൻജിനീയറായ സഹോദരൻ ശ്യാം അടക്കമുള്ളവർ തിരച്ചിലിനു സന്നദ്ധമായി കുടകിൽ എത്തിയിട്ടുണ്ട്. രണ്ടു മാസത്തിലേറെയായി നാദാപുരത്തെ വീട്ടിൽ പോയിട്ടില്ലാത്ത ശരണ്യ കുടകിൽ ട്രെക്കിങ്ങിന് പോകുന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല.

ഓൺലൈനായി ബുക്ക് ചെയ്തു ഏപ്രിൽ ഒന്നിന് ട്രെക്കിങ്ങിന് എത്തിയ ശരണ്യ ട്രെക്കിങ്ങിന് പുറപ്പെടാൻ ഒരുങ്ങിയെങ്കിലും കാട്ടാന ശല്യമുള്ളതിനാൽ ഒറ്റയ്ക്കു കടത്തിവിടാനാകില്ലെന്നു വനംവകുപ്പ് ജീവനക്കാർ അറിയിക്കുകയായിരുന്നു. തുടർന്ന് ട്രെക്കിങ് തുടങ്ങുന്നയിടത്തിന് 500 മീറ്റർ അകലെ യാവകപ്പാടിയിലെ ഹോംസ്റ്റേയിൽ മുറിയെടുത്തു.

തുടർന്ന്, ട്രെക്കിങ്ങിന് എത്തിയ 10 അംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെ വനത്തിലേക്കു പോയി. ട്രെക്കിങ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ ശരണ്യയ്ക്കു മുൻപരിചയമില്ല. സംഘത്തിൽ നിന്ന് മാറി അൽപം പിന്നാലെയാണ് ശരണ്യ സഞ്ചരിച്ചതെന്നാണ് ഇവർ പൊലീസിനു നൽകിയ വിവരം.

വഴി തെറ്റി എന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്കു രണ്ടു മണിയോടെ ലഭിച്ചതായാണ് ഹോം സ്റ്റേ അധികൃതർ പൊലീസിനെ അറിയിച്ചത്. ഉടൻ കർണാടക വനം വകുപ്പും പൊലീസുമെല്ലാം തിരച്ചിൽ തുടങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ശരണ്യയ്ക്കൊപ്പം പോയ മറ്റ് ട്രെക്കിങ് സംഘാംഗങ്ങൾ വൈകിട്ടോടെ മടങ്ങിയെത്തി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താനായിട്ടില്ലെന്നു വനം ഡപ്യൂട്ടി കൺസർവേറ്റർ വി.അഭിഷേക് പറഞ്ഞു. നക്സൽ വിരുദ്ധ സേനാംഗങ്ങൾ ഉൾപ്പെടെയുള്ള തിരച്ചിൽ സംഘാംഗങ്ങൾ വനമേഖലയെ വിവിധ ഭാഗങ്ങളായി തിരിച്ചാണ് ഓരോ ഇടത്തും പരിശോധന നടത്തുന്നത്.

വഴിതെറ്റിയാലും സഞ്ചാരികൾ സാധാരണ 2–3 മണിക്കൂർ കൊണ്ട് ട്രെക്കിങ് പാത കണ്ടെത്താറുണ്ടെന്നു പൊലീസ് പറയുന്നു. നിരവധി ഹോംസ്റ്റേകളും റിസോർട്ടുകളും ഉളള മേഖലയാണിത്. ഒരു വശം ജനവാസമേഖലയും മറുവശം പട്ടിഘാട്ട് റിസർവ് വനവും ഉൾപ്പെടുന്ന ട്രെക്കിങ് പാതയാണ് ഇവിടെയുളളത്. സിം അടിസ്ഥാനമാക്കി തിരയുന്നതിനിടെ കണ്ണൂരിലെ ഇരിട്ടി ലൊക്കേഷൻ കാട്ടിയെങ്കിലും ട്രെക്കിങ് പാതയിലെ ചില ഉയരമുളള ഇടങ്ങളിൽ എത്തുമ്പോൾ കേരള ടവർ ലൊക്കേഷൻ കാട്ടാറുണ്ടെന്നാണ് വിവരം.

കർണാടകയിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയാണ് പശ്ചിമഘട്ട മലനിരകളിൽ സുമുദ്രനിരപ്പിൽ നിന്ന് 1,748 തടിയൻഡമോൾ. കുടകിന്റെ എല്ലാ ഭാഗങ്ങളും കേരള അതിർത്തിയും മറ്റും ഭംഗിയോടെ കാണാനാകുന്ന മലനിരയാണിത്.

Share
error: Content is protected !!