വിജയിച്ചതായി പ്രഖ്യാപിച്ച് ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം: മുന്‍ വിദേശകാര്യ മന്ത്രി

തെഹ്‌റാന്‍: യു എസ്, ഇസ്‌റാഈല്‍ വിരുദ്ധ യുദ്ധത്തില്‍ വിജയിച്ചതായി പ്രഖ്യാപിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇറാനോട് ആവശ്യപ്പെട്ട് മുന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ്. തങ്ങള്‍ക്ക് സ്വീകാര്യമായ കാര്യങ്ങളടങ്ങിയ ബ്ലൂപ്രിന്റ് തയ്യാറാക്കാനും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉടമ്പടിയിലെത്താനും ഇറാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ആക്രമണം തുടരാനാണ് യു എസിന്റെയും ഇസ്‌റാഈലിന്റെയും ഭാവമെങ്കില്‍ അമേരിക്കയുടെ പ്രാദേശിക വിഭവങ്ങളെ മുച്ചൂടും നശിപ്പിക്കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്‌റാഈലിനും ഗള്‍ഫ് രാഷ്ട്രങ്ങളിലാകമാനവും ആക്രമണ പരമ്പരകളാണ് ഇറാന്‍ അഴിച്ചുവിടുന്നത്. ഏറ്റവുമവസാനം കുവൈത്തിലെ ഒരു സമുദ്രജല ശുദ്ധീകരണ പ്ലാന്റും യു എ ഇയിലെ ഹബ്ഷാന്‍ ഗ്യാസ് എന്ന സ്ഥാപനവും ഇറാന്‍ ആക്രമിച്ചു.

യുദ്ധം തുടരുന്നതിനിടെ, അമേരിക്കയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്. യു എസ് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് റാന്‍ഡ് ജോര്‍ജ് യു എസ് സൈന്യത്തില്‍ നിന്ന് പിന്‍വാങ്ങി. പ്രതിരോധ സെക്രട്ടറി പെറ്റെ ഹെഗ്‌സേത് ആവശ്യപ്പെട്ട പ്രകാരമാണ് രാജിയെന്നാണ് സൂചന.

നേരത്തെ, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ തത്സ്ഥാനത്തുനിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കിയിരുന്നു. ജസ്റ്റിസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് പുറത്താക്കല്‍. തന്റെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള കേസുകള്‍ വേഗത്തിലാക്കാത്തതില്‍ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നു.

Share
error: Content is protected !!