പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഇന്ത്യയില്‍ കോണ്ടത്തിനും ‘ക്ഷാമം’; വില കുതിക്കും

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇങ്ങ് ഇന്ത്യയിലുള്ളവരുടെ വരെ അന്നംമുട്ടിക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കിയത്. ഹോര്‍മുസ് കടന്ന് ഇന്ധനക്കപ്പലുകള്‍ വരാന്‍ പ്രതിസന്ധി ഉടലെടുത്തതോടെയാണ് വ്യാപകമായി ഹോട്ടലുകള്‍ പൂട്ടിയതും ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വരെ നിയന്ത്രണം വന്നതും.

ഇപ്പോളിതാ, കോണ്ടത്തിനും ക്ഷാമമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് നിര്‍മാതാക്കള്‍. യുദ്ധം തുടങ്ങിയതോടെ കോണ്ടം നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ മതിയായ അളവില്‍ എത്താതായതോടെയാണ് നിര്‍മാണത്തില്‍ പ്രതിസന്ധിയും സ്റ്റോക്കുള്ളവയുടെ വില വര്‍ധിപ്പിക്കാനും നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുന്നത്. 

കോണ്ടം നിര്‍മാതാക്കള്‍ കൂടിയായഎച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്, മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡ്, ക്യുപിഡ് ലിമിറ്റഡ്  സിലിക്കണ്‍ ഓയില്‍ കിട്ടാനില്ലെന്നും അമോണിയയുടെ വില കുതിച്ചുയരുന്നുവെന്നും ഇത് പ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നും വ്യക്തമാക്കുന്നത്. കോണ്ടം നിര്‍മാണത്തിന് ഉപയോഗിക്കുന്ന റബറിനെ സ്റ്റെബിലൈസ് ചെയ്യാനും അധികമുള്ള പ്രോട്ടീന്‍ നീക്കം ചെയ്യാനും അമോണിയ അത്യാവശ്യമാണ്. ലൂബ്രിക്കന്‍റായാണ് സിലിക്കണ്‍ ഓയില്‍ കോണ്ടത്തില്‍ ഉപയോഗിക്കുന്നത്.

പാക്കിങിനായി ഉപയോഗിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് ഫോയില്‍, അലൂമിനിയം ഫോയില്‍, പോളി, രാസവസ്തുക്കള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ വിതരണത്തില്‍ കടുത്ത ദൗര്‍ലഭ്യവും യുദ്ധത്തെ തുടര്‍ന്ന് അനുഭവപ്പെടുന്നുണ്ടെന്ന് കോണ്ടം നിര്‍മാതാക്കള്‍ പറയുന്നു. അമോണിയയുടെ വില മാത്രം 40–50 ശതമാനം വരെ വര്‍ധിക്കുമെന്നാണ് കരുതുന്നത്. സിലിക്കണ്‍ ഓയിലിന്‍റെ വിലയാവട്ടെ ചിന്തിക്കാന്‍ പോലും കഴിയാത്ത ഉയരത്തിലുമെത്തി. ഇതെല്ലാം കോണ്ടത്തിന്‍റെ വിലയെയും ബാധിക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു.

1.7 ബില്യണ്‍ ഡോളറിന്‍റേതാണ് ഇന്ത്യയിലെ കോണ്ടം വിപണി. കോണ്ടം നിര്‍മിക്കാനാവശ്യമായ അന്‍ഹൈഡ്രസ് അമോണിയയുടെ 86 ശതമാനവും സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതും. യുദ്ധം നാലാം ആഴ്ച പൂര്‍ത്തിയാകുമ്പോള്‍ ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതും. കോണ്ടത്തിന്‍റെ വില വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രത്യഘാതം രൂക്ഷമായിരിക്കുമെന്നാണ് ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കുന്നത്. വില വര്‍ധിക്കുന്നതോടെ ആളുകള്‍ വാങ്ങി ഉപയോഗിക്കാനും മടിക്കും. ഇത് ജനസംഖ്യാ വര്‍ധനവിനും ലൈംഗിക രോഗങ്ങള്‍ പകരാനുമുള്ള സാധ്യതയേറ്റും.

Share
error: Content is protected !!