ഒഴുക്കിൽപ്പെട്ട് കാർ: ഡ്രൈവർക്ക് ‘അദ്ഭുതരക്ഷ’, മുന്നറിയിപ്പുമായി അധികൃതർ

ഫുജൈറ: യുഎഇയിൽ കനത്ത മഴ തുടരുന്നതിനിടെ ഫുജൈറയിൽ വാദിക്ക് കുറുകെ കടക്കാൻ ശ്രമിച്ച കാർ ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. അൽ ഹാല മേഖലയിൽ വാദിക്ക് കുറുകെ കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഡ്രൈവറെ പൊലീസാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

നിമിഷങ്ങൾക്കകം കാർ പൂർണമായും ഒഴുകിപ്പോകുമായിരുന്ന സാഹചര്യത്തിലാണ് ഫുജൈറ പൊലീസ് ജനറൽ കമാൻഡിലെ എമർജൻസി വിഭാഗം കൃത്യസമയത്ത് ഇടപെട്ടത്. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ വാദി പെട്ടെന്ന് കുത്തിയൊഴുകുന്ന പുഴയായി മാറുകയായിരുന്നു.

രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി ഡ്രൈവറെ സുരക്ഷിതനായി പുറത്തെത്തിച്ചു. ഇദ്ദേഹത്തിന് പരുക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങൾ വാദികളിലൂടെ ഓടിക്കുന്നത് അതീവ അപകടകരമാണെന്നും ഇത്തരം സാഹസികതകൾ ഒഴിവാക്കണമെന്നും പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആഭ്യന്തര മന്ത്രാലയവും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഫുജൈറ പൊലീസ് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു. മഴ സമയത്ത് വാദികൾ കുറുകെ കടക്കുന്നത് ജീവനും സ്വത്തിനും ഭീഷണിയാണെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ഫുജൈറ, റാസൽഖൈമ, അൽ ദഫ്ര മേഖലകളിൽ ശക്തമായ ആലിപ്പഴ വർഷമാണ് അനുഭവപ്പെട്ടത്. മണൽക്കുന്നുകൾക്ക് മുകളിൽ വെളുത്ത മഞ്ഞുപാളികൾ വിരിച്ചതുപോലെ ആലിപ്പഴം കുന്നുകൂടിക്കിടക്കുന്ന അപൂർവ കാഴ്ചയ്ക്കും രാജ്യം സാക്ഷിയായി. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ മഴയുടെ മറ്റൊരു ശക്തമായ തരംഗം കൂടി പ്രതീക്ഷിക്കുന്നതിനാൽ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

….

Share
error: Content is protected !!