അൽ ഖാഇദ തലവൻ അയ്മൻ അൽ സവാഹിരി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു; സവാഹിരിക്ക് വിനയായത് കർണാടകയിലെ പർദ്ദ വിവാദം

അൽ ഖായിദയുടെ തലവൻ അയ്മൻ അൽ സവാഹിരി (71) ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് സവാഹിരി എന്ന് യു.എസ് നേരത്തെ ആരോപിച്ചിരുന്നു.

സി.ഐ.എ ഞായറാഴ്ച കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സവഹിരിയെ വധിച്ചതെന്ന് യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30ന് വൈറ്റ്ഹൗസിൽ നടത്തിയ പ്രസ്താവനയിൽ ബൈഡൻ വ്യക്തമാക്കി.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സുരക്ഷിതമായ വീട്ടിൽ സവാഹിരി കുടുംബവുമൊത്തു കഴിയുന്ന വിവരം മാസങ്ങൾക്കു മുൻപ് തന്നെ അമേരിക്കൻ ചാരക്കണ്ണുകൾ കണ്ടെത്തിയിരുന്നു. ‘‘ഈ വീട്ടിലെ ബാൽക്കണിയിൽ സ്ഥിരമായി നിശ്ചിത സമയങ്ങളിൽ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തിൽ നിർണായകമായത്.’’ – ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ആക്രമണമുണ്ടാകുമ്പോൾ സവാഹിരിയുടെ കുടുംബാംഗങ്ങൾ വീട്ടിലെ മറ്റു ഭാഗങ്ങളിലായിരുന്നു. ഇവർക്കാർക്കും അപായമുണ്ടായതായോ മറ്റു സാധാരണക്കാർക്ക് ജീവാപായമുണ്ടായതായോ സൂചനകളില്ല – ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

തീവ്രവാദത്തിനെതിരെ തങ്ങള്‍ നടത്തിയ പോരാട്ടം വിജയം കണ്ടെന്ന ആമുഖത്തോടെയാണ് അയ്മാന്‍ അല്‍ സവഹിരിയെ വധിച്ച കാര്യം ബൈഡന്‍ അറിയിച്ചത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉസാമാ ബിന്‍ ലാദന് ശേഷം 2011 മുതലാണ് അയ്മാന്‍ അല്‍ സവഹിരി അല്‍ഖ്വയ്ദ തലവനയാത്. ബിന്‍ലാദന്റെ വധത്തിന് ശേഷം സവഹിരിയുടെ വധം അല്‍ഖ്വയ്ദ ഗ്രൂപ്പിനേല്‍ക്കുന്ന കനത്ത പ്രഹരമാണ്. സവാഹിരിയെ പിടികൂടുന്നതിനായി വിവരം നല്‍കുന്നുവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുമെന്ന് യു.എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

സവാഹിരിക്ക് വിനയായത് കർണ്ണാടകയിലെ വിദ്യാർഥിനികളുടെ പർദ്ദ വിവാദം:


കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം പെണ്കുട്ടികൾക്ക് പർദ്ദ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് സവാഹിരിക്ക് വിനയായതെന്നാണ് വിലയിരുത്തപ്പെടുന്നത്. പർദ്ദ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സവാഹിരിയുടേതായി ഒരു വിഡിയോ പുറത്തുവന്നിരുന്നു. സമകാലിക വിഷയത്തെ പരാമർശിച്ച് നടത്തിയ പരാമർശമാണ് സവാഹിരി ജീവിച്ചിരിക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾക്ക് ഉറപ്പ് നൽകിയതെന്നാണ് സൂചന. ഇതിൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്കു നീണ്ടത്.

വധിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി സവാഹിരി കാബൂളിൽ താമസിച്ചു വന്ന വീടിന്റെ ചെറുമാതൃകയും വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമി’ൽ നടത്തിയ ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിലയിരുത്തി. സവാഹിരി തന്നെയാണ് കാബൂളിലെ വസതിയിലുള്ളതെന്നു സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ഏപ്രിലിലാണു ബൈഡനു കൈമാറുന്നത്.

 

സവാഹിരിക്കു പിന്തുണ നൽകുന്ന ശൃംഖല കാബൂളിൽ ഉണ്ടെന്ന തിരിച്ചറിവിനു പിന്നാലെ നടത്തിയ അന്വേഷണങ്ങളാണു ഭാര്യയ്ക്കും മകൾക്കും അവരുടെ കുട്ടികൾക്കും ഒപ്പം സവാഹിരി ഈ വീട്ടിലുണ്ടെന്ന സൂചനകളിലേക്ക് നയിച്ചത്. ഈ വിവരം നിരന്തര അന്വേഷണങ്ങളിലൂടെ യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ഈ വസതിയുടെ രൂപരേഖ തയാറാക്കിയ നടത്തിയ നിരീക്ഷണങ്ങളിലാണു ബാൽക്കണിയിൽ സ്ഥിരം സമയങ്ങളിൽ സവാഹിരി എത്താറുണ്ടെന്ന നിർണായക വിവരം രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്.

കാബൂളിലെ പ്രാന്തപ്രദേശങ്ങളിലൊന്നിലാണ് സവാഹിരി താമസിച്ചുവന്ന വീടെന്നതായിരുന്നു മറ്റൊരു പ്രതിസന്ധി. ചുറ്റും വീടുകളുള്ളതിനാൽ കഴിയുന്നത്ര ആളപായം കുറച്ചുള്ള നടപടിക്കായിരുന്നു യുഎസ് പ്രസിഡന്റ് പ്രാധാന്യം നൽകിയതെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു.

സവാഹിരി താമസിച്ച വീടിന്റെ രൂപരേഖ നിർണായകമായതും ഈ സാഹചര്യത്തിലാണ്. പ്രസിഡന്റിനു മുന്നിൽ അവതരിപ്പിച്ച റിപ്പോർട്ടുകളിലും പഴുതടച്ച ആസൂത്രണമികവ് ഉറപ്പാക്കാൻ സിഐഎ ഉന്നത കേന്ദ്രങ്ങൾ ശ്രമിച്ചു. മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ വിലയിരുത്തലുകൾ അതാതു സമയങ്ങളിൽ ബൈഡനെ അറിയിക്കുന്നതിലും സിഐഎ ഡയറക്ടർ ബിൽ ബേൺസ്, ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് അവ്റിൽ ഹെയിൻസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിന്നർ, ഹോംലാൻഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് ലിസ് ഷെർവുഡ് റാൻഡൽ തുടങ്ങിയവർ ഉൾപ്പെട്ട ‘നിർണായക സംഘം’ ശ്രദ്ധിച്ചു. ഒടുവിൽ ജൂലൈ ഒന്നിന് വൈറ്റ്‌ഹൗസിലെ സിറ്റുവേഷൻ റൂമിൽ ചേർന്ന നിർണായക വിലയിരുത്തലിലും ഇവർ ഇഴകീറിമുറിച്ച് നീക്കങ്ങൾ പ്രസിഡന്റിനോടു വിശദമാക്കി.

2020 നവംബറിൽ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നെങ്കിലും 2021ൽ സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിൻ്റെ വാർഷികദിനത്തിൽ സവാഹിരിയുടെ ഒരു മണിക്കൂർ ദൈർഘ്യമുളള വിഡിയോ പുറത്തുവന്നിരുന്നു. ഇതോടെ സവാഹിരിക്കായി വീണ്ടും അന്വോഷണം ആരംഭിച്ചു.  പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ 2011 മേയ് രണ്ടിന് യുഎസ് കമാൻഡോകളുടെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

2021 ഓഗസ്റ്റിലെ യുഎസ് പിൻമാറ്റത്തിനു ശേഷം അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം അവിടെ യുഎസ് നടത്തുന്ന ആദ്യ യുഎസ് ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!