SMA ബാധിതരായ കുട്ടികളുടെ പേരിൽ ലക്ഷങ്ങൾ സ്വന്തം പോക്കറ്റിലാക്കി; ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നൈസാമിനെതിരെ കേസെടുത്തു
കോഴിക്കോട്: എസ്എംഎ രോഗബാധിതരായ കുട്ടികളുടെ പേരിൽ വ്യാജ ക്യൂആർ കോഡ് നിർമിച്ച് പണം തട്ടിയ സംഭവത്തിൽ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരെ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പുന്നക്കൽ സ്വദേശി നടക്കാവിൽ വീട്ടിൽ നൈസാമിനെതിരെ വഞ്ചനാക്കുറ്റത്തിനാണ് മുക്കം പൊലീസ് കേസെടുത്തത്. സ്വന്തം ക്യൂആർ കോഡ് ഉപയോഗിച്ച് എസ്എംഎ ബാധിച്ച കുട്ടികളുടെ രേഖകൾ കാണിച്ചാണ് ഇയാൾ പിരിവ് നടത്തിയത്.
മുക്കത്തെ എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സാതുക സമാഹരിക്കുന്നതിന് വേണ്ടി നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ടായിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിരിവുകൾ നടന്നിരുന്നത്. ഇതിനിടെ ഈ കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെ, നൈസാമും സംഘവും പിരിവ് നടത്തിയെന്നാണ് പരാതി.
ക്രമക്കേട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചികിത്സാ സഹായ കമ്മിറ്റി അന്വേഷണം നടത്തിയപ്പോഴാണ് തങ്ങളെ അറിയിക്കാതെ പിരിവുകൾ നടക്കുന്ന കാര്യവും, പിരിച്ചുകിട്ടിയ ലക്ഷങ്ങൾ സ്വന്തം പേരിലേക്ക് വകമാറ്റിയ കാര്യവും പുറംലോകമറിയുന്നത്. പിന്നാലെ മുക്കം പൊലീസിന് നൽകിയ പരാതിയിലാണ് നൈസാമിനെതിരെ കേസെടുത്തിരിക്കുന്നത്. കമ്മിറ്റിയിലുള്ള ഒരു അംഗത്തിന്റെ അനുവാദം ചോദിച്ചിരുന്നെന്നും, നിയമവിധേയമായാണ് താൻ പിരിവ് നടത്തിയതെന്നുമാണ് നൈസാമിന്റെ വിശദീകരണം.


