ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് പറക്കാം; പുതിയ സർവീസുകളുമായി ഫ്ലൈനാസ്
ജിദ്ദ: ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈനാസിന്റെ നേരിട്ടുള്ള വിമാന സർവീസിന് തുടക്കമായി. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും സർവീസ്. ഇന്ന് തുടക്കമാകുന്ന സർവീസിലെ ആദ്യ യാത്ര അൽപ സമയത്തിനകം ജിദ്ദ ടെർമിനൽ 1ൽ നിന്ന് പുറപ്പെടും. ജിദ്ദയിൽ നിന്ന് രാത്രി 10:30ന് പുറപ്പെടുന്ന വിമാനം രാവിലെ 6:30ന് കൊച്ചിയിലെത്തും. രാവിലെ 7:25ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 11:20ന് ജിദ്ദയിലെത്തുന്ന രീതിയിലാണ് സർവീസ്.
ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് വൺവേ ടിക്കറ്റ് 796 സൗദി റിയാൽ മുതലാണ് നിരക്ക്. 30 കിലോ ചെക്ക്-ഇൻ ലഗേജും 7 കിലോ ഹാന്റ് ബാഗേജുമാണ് കുറഞ്ഞ നിരക്കിൽ അനുവദിക്കുക. 186 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് A320 വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. കൊച്ചി കൂടാതെ, ദമ്മാമിൽ നിന്ന് കോഴിക്കോട്, ലഖ്നൗ, മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും അധിക സർവീസുകൾ ഫ്ലൈനാസ് ആരംഭിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ ഈമാസം 14 വരേ സർവീസുകൾ പൂർണമായും റദ്ധാക്കിയിട്ടുണ്ട്.


