പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജൻ്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: പാലത്തായി പോക്‌സോ കേസില്‍ പ്രതി പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. തലശേരി പോക്സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് മരവിപ്പിച്ചത്. പത്മരാജന് ഹൈക്കോടതി ജാമ്യം നല്‍കി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള്‍ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

വിചാരണക്കോടതിയുടെ ശിക്ഷാവിധിയില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയായ കുട്ടിയുടെ മൊഴികളില്‍ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചു. 600ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധയില്‍പ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയില്‍ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍വച്ചു മൂന്നു തവണ പീഡിപ്പിച്ചെന്നാണു കേസ്. പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പാനൂര്‍ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നല്‍കി.

സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോക്‌സോ ചുമത്തി കേസെടുത്തു. ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അടക്കം നാലു സംഘം മാറിമാറി അന്വേഷിച്ച കേസില്‍ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ അന്തിമ കുറ്റപത്രം നല്‍കിയത്. ക്രൈംബ്രാഞ്ച് പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കിയത് വിവാദമായിരുന്നു. കഴിഞ്ഞ നവംബറിലാണ് കേസില്‍ വിചാരണക്കോടതി വിധി പറഞ്ഞത്.

Share