മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി: പറഞ്ഞതെല്ലാം സത്യം, രാഷ്ട്രീയവിവാദമുണ്ടാക്കുകയല്ല ലക്ഷ്യം; നിലപാടിൽ ഉറച്ചുനിൽക്കുന്നെന്ന് ഡോ. ഹാരിസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കല്‍. പറഞ്ഞ കാര്യങ്ങളെല്ലാം പരമാര്‍ഥമാണ്. സത്യം പറഞ്ഞശേഷം ഒളിച്ചിരുന്നിട്ടില്ല. ഇക്കാര്യങ്ങള്‍ മേലധികാരികളെയൊക്കെ അറിയിച്ചിട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ മേലധികാരികളെ അറിയിക്കാതിരിക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെ്. ആരും നേരിട്ടെത്തി ഡിപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷണം നടത്തുകയോ ഇക്കാര്യം തിരക്കി വിളിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
.
രോഗികളോട് കടപ്പാടുണ്ട്. അതുകൊണ്ട് ഭയപ്പെട്ടിട്ട് കാര്യമില്ല. ഇക്കാര്യങ്ങളൊന്നും ആരോഗ്യമന്ത്രി അറിയുന്നുണ്ടാവില്ല. ആശുപത്രിയുടെ മേലധികാരികള്‍ മുകളിലേക്ക് അറിയിക്കുന്നതിലെ വീഴ്ചയാണ് പ്രശ്‌നം. മെഡിക്കല്‍ കോളേജിലെ എല്ലാ വകുപ്പുകളിലും പ്രശ്‌നങ്ങളുണ്ട്. വാങ്ങുന്ന ഉപകരണങ്ങള്‍ത്തന്നെ ചിലത് ഉപയോഗിക്കാനാവാത്തതാണ്. നിലവില്‍ ഓഗസ്റ്റ് നാലുവരെ രോഗികള്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.
ആശുപത്രിയിലേക്ക് പല ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങിച്ചുതരുന്നുണ്ട്. ആര്‍ഐആര്‍എസ് എന്ന ഉപകരണം സര്‍ക്കാരിനോട് പലതവണ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. രോഗികള്‍ തന്നെ ഇത് വാങ്ങിച്ചുതരുന്നതുകൊണ്ട് സര്‍ജറി മുടങ്ങാതെ പോവുന്നു. അപേക്ഷിച്ചും ഇരന്നുമാണ് ഉപകരണങ്ങള്‍ വാങ്ങുന്നത്. അത് മടുത്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. കൊച്ചിയിലെ ഒരു കമ്പനിയില്‍നിന്നാണ് ആര്‍ഐആര്‍എസ് വാങ്ങുന്നത്. അവര്‍ അയച്ചുതരുന്നതു പ്രകാരം രോഗികള്‍ അവരുടെ ഗൂഗിള്‍പേയിലേക്ക് പണമടക്കുകയോ അല്ലെങ്കില്‍ അവരുടെ ഏജന്റ് വന്ന് പണം വാങ്ങുകയോ ആണ് ചെയ്യുന്നത്. ഉപകരണങ്ങള്‍ക്ക് പലയാളുകള്‍ പണം നല്‍കുന്നതും ഏജന്റുമാര്‍ വന്ന് പണം വാങ്ങുന്നതും തങ്ങള്‍ ഡോക്ടര്‍മാരെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഒരു വിജിലന്‍സ് അന്വേഷണം വന്നാല്‍ ഇതൊക്കെ തങ്ങള്‍ക്ക് വലിയ പ്രതിസന്ധി വരുത്തും. തങ്ങള്‍ കൈക്കൂലി വാങ്ങി എന്നതടക്കം പ്രചരിപ്പിക്കപ്പെടാമെന്നും ഡോക്ടര്‍ പറഞ്ഞു.
.
അടിയന്തര സ്വഭാവമുള്ള ഉപകരണങ്ങള്‍ അടിയന്തരമായിത്തന്നെ വാങ്ങിത്തരണം. വിശദീകരണങ്ങള്‍ക്കെല്ലാം രേഖാപരമായിത്തന്നെ മറുപടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കോളേജില്‍ പഠിച്ചതിനാല്‍ സര്‍ക്കാരിന് സര്‍വീസ് ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇവിടെ ജോലിചെയ്യുന്നത്. കൂടെപ്പഠിച്ചവരെല്ലാം സര്‍ക്കാര്‍ ജോലി വിട്ട് പ്രൈവറ്റ് മേഖലയിലേക്ക് മാറി കോടീശ്വരന്മാരായെന്നും അദ്ദേഹം പറഞ്ഞു. ഒരു നടപടി ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
.
മെഡിക്കല്‍ കോളേജ ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് കഴിഞ്ഞദിവസമാണ് ഡോക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നാതായും യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കല്‍ അറിയിച്ചു. എന്നാല്‍, ആരോപണം ആരോഗ്യ വകുപ്പ് അധികൃതര്‍ തള്ളി. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്തമാക്കി ഹാരിസ് ചിറക്കല്‍ പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു.
.

അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share