ശുചിമുറിയും പാൻട്രിയും ബസിൽ; തിരുവനന്തപുരം – എറണാകുളം റൂട്ടിലും ലക്ഷ്വറി സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് എസി വോള്‍വോ ലക്ഷ്വറി ബസ് തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ ഓഗസ്റ്റ് 20 മുതല്‍ സര്‍വീസ് ആരംഭിക്കും. ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സര്‍വീസ്.

തിരുവനന്തപുരത്തുനിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് കൊല്ലം അയത്തില്‍, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ 9.45ന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി 9.45ന് ബസ് തിരുവനന്തപുരത്ത് എത്തും.

36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ് ബസിലുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉള്‍പ്പെടുന്ന പാന്‍ട്രി സംവിധാനവും ബസിനുള്ളില്‍ തന്നെയുള്ള ശുചിമുറി സൗകര്യവും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും. മൊബൈല്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകളും യാത്രയിലുടനീളം സൗജന്യ വൈഫൈ സൗകര്യവും ബസിലുണ്ട്.

ടിക്കറ്റുകള്‍ മുന്‍കൂട്ടി വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിലേക്ക് ‘Hai’ എന്ന് സന്ദേശം അയക്കാം. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, എന്റെ കെഎസ്ആര്‍ടിസി നിയോ ഒപിആര്‍എസ് മൊബൈല്‍ ആപ്ലിക്കേഷന്‍, മറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ എന്നിവ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Share