പോരാട്ടം വിഫലം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മൂന്ന് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി, കാണ്ടക്കാട് വട്ടപ്പറമ്പ് ഹൗസിൽ അയ്യപ്പൻ ചൂണ്ടക്കാടൻ (59) ആണ് മരിച്ചത്.
സ്വന്തമായി വാഹന വർക്ക് ഷോപ് നടത്തുകയായിരുന്ന അയ്യപ്പനെ കടുത്ത നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസം മുൻപാണ് റിയാദിലെ റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റി, ഷുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിന്റെയും അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. ഒരുമാസം മുമ്പ് അയ്യപ്പന്റെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ ആശുപത്രിയിൽ സഹായവുമായി രംഗത്തുള്ള റിയാദ് മലപ്പുറം ജില്ലാ കെഎംഎംസി വെൽഫെയർ വിങ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് ഡോക്ടർമാർ അനുമതി നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ഇരുപത്തിയെട്ട് വർഷമായി പ്രവാസിയായ ഇദ്ദേഹം ഒന്നര വർഷം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയത്. കുഞ്ഞി, പരേതനായ ചാത്തൻ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുജാത, മക്കൾ: സ്നേഹ, മേഘ, അക്ഷയ്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ചികിത്സയുടെ കൃത്യമായ വിവരങ്ങളും മറ്റും നാട്ടിലെ കുടുംബത്തെ നിരന്തരം അറിയിക്കുന്നതിനും ആവശ്യമായ മറ്റ് സഹായങ്ങൾ നൽകുന്നതിനും റിയാദ് മലപ്പുറം ജില്ലാ കെഎംഎംസി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിന് റിയാദ് വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെഎംഎംസി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, പിഎം ബഷീർ സിയാം കണ്ടം, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലമ്പ്ര, ജുനൈദ് താനൂർ, ഷറഫു തേഞ്ഞിപ്പലം, സുഹൃത്ത് നബീൽ എന്നിവർ രംഗത്തുണ്ട്.


