ആകാശത്തുവച്ച് സമ്പൂർണ്ണ സൂര്യഗ്രഹണം കാണണോ; വിമാനത്തിലേറി 33,000 അടി ഉയരത്തില്‍ എത്തിയാൽ മതി

ഇത്തവണത്തെ സമ്പൂർണ്ണ സൂര്യഗ്രഹണം ആകാശത്തുവച്ച് കാണുന്നതിനും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുമായി പ്രത്യേക ചാർട്ടേഡ് വിമാന സർവീസുമായി സ്പാനിഷ് എയർലൈനായ ‘ഇബീരിയ’ (Iberia). ആകാശത്ത് 10,000 മീറ്ററിലധികം (33,000 അടി) ഉയരത്തിൽ വെച്ച് ഗ്രഹണം കാണാനുള്ള അവസരമാണ് എയര്‍ലൈന്‍ ഒരുക്കുന്നത്.

അതേസമയം, ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള അതിവേഗ വൈഫൈ സേവനം ഉപയോഗപ്പെടുത്തിയായിരിക്കും എയർലൈൻ ഈ ആകാശ വിസ്മയം ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കുന്നത്.

വരുന്ന ഓഗസ്റ്റ് 12-നാണ് യൂറോപ്പിൽ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. സ്പെയിൻ ഇതിന്‍റെ പാതയിൽ വരുന്നതിനാൽ ഒരുപാട് പേരാണ് ഈ ആകാശ വിസ്മയത്തിനായി കാത്തിരിക്കുന്നത്. മാത്രമല്ല ധാരാളം സഞ്ചാരികളും സ്പെയിനിലേക്ക് എത്തുന്നുണ്ട്. 1912-ന് ശേഷം സ്പാനിഷ് ഉപദ്വീപിൽ ദൃശ്യമാകുന്ന ആദ്യത്തെ സമ്പൂർണ്ണ സൂര്യഗ്രഹണമാണിതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

അതേസമയം, കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ മിഖേൽ സെറ-റിക്കാർട്ടിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘംമായിരിക്കും വിമാനത്തില്‍ ഉണ്ടാകുക.ഈ വിമാനത്തിൽ  പൊതുജനങ്ങൾക്ക്  യാത്രാ സൗകര്യം ഉണ്ടായിരിക്കില്ല. എങ്കിലും എയർലൈന്‍സിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി ഗ്രഹണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കും.

മേഘങ്ങളുടെ തടസ്സമില്ലാതെ സൂര്യന്‍റെ കൊറോണ ഉള്‍പ്പെടെയുള്ള ഘടനകൾ വ്യക്തമായി പഠിക്കാൻ ഈ ആകാശ യാത്ര ഗവേഷകരെ സഹായിക്കും. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ കോപ്പർനിക്കസിന്‍റെ ജന്മവർഷത്തെ സൂചിപ്പിക്കുന്ന ‘IB1473’ എന്ന കോഡിലാണ് ഈ പ്രത്യേക വിമാനം സർവീസ് നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയില്‍ ദൃശ്യമാകുമോ?

നാസയുടെ പറയുന്നത് പ്രകാരം ഓഗസ്റ്റ് 12 നാണ് സമ്പൂർണ്ണ സൂര്യഗ്രഹണം നടക്കുന്നത്. എന്നാൽ ഇന്ത്യൻ സമയക്രമമനുസരിച്ച് ഗ്രഹണം ആരംഭിക്കുന്നത് ഓഗസ്റ്റ് 12 രാത്രി വൈകിയും, അവസാനിക്കുന്നത് ഓഗസ്റ്റ് 13 പുലർച്ചെയുമാണ്. ഓഗസ്റ്റ് 12-ന് ഇന്ത്യൻ സമയം രാത്രി 9:04 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 1:28 വരെയായിരിക്കും ഗ്രഹണം. അര്‍ദ്ധരാത്രി ആയതുകൊണ്ടു തന്നെ ഓഗസ്റ്റ് 12ലെ സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയിൽ ഒരിടത്തും ദൃശ്യമാകില്ല. 

എവിടെയെല്ലാം കാണാം? 

വടക്കേ റഷ്യ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, നോർത്ത് അറ്റ്‌ലാന്റിക്, സ്‌പെയിൻ, പോർച്ചുഗലിന്റെ ചെറിയൊരു ഭാഗം എന്നിവിടങ്ങളിലൂടെയാണ് ഗ്രഹണ പാത കടന്നുപോകുന്നത്. യൂറോപ്പിന്‍റെ ഭൂരിഭാഗം പ്രദേശങ്ങൾ, കാനഡ, യു.എസിന്‍റെ വടക്കേ ഭാഗങ്ങൾ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും. ഇന്ത്യയിലുള്ളവർക്ക് നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും ഓൺലൈൻ ലൈവ് സംപ്രേക്ഷണങ്ങളിലൂടെ ഈ വിസ്മയ കാഴ്ച ആസ്വദിക്കാവുന്നതാണ്.

സൂര്യഗ്രഹണം

സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.

. .

Share