മെസ്സിയുടെ പിതാവ് ജ്വോജ് മെസ്സി അന്തരിച്ചു

റൊസാരിയോ: ഫുട്ബോൾ ഇതിഹാസവും അർജന്റീന നായകനുമായ ലയണൽ മെസ്സിയുടെ പിതാവ് ജ്വോജ് മെസ്സി (68) അന്തരിച്ചതായി അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അർജന്റീനിയൻ വാർത്താ മാധ്യമമായ ‘ഇൻഫോബേ’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അർജന്റീനയിലെ റൊസാരിയോയിലുള്ള ആശുപത്രിയിൽ വെച്ചാണ് മെസ്സിയുടെ ദീർഘകാല ഏജന്റ് കൂടിയായിരുന്ന ജ്വോജ് മെസ്സി മരണത്തിന് കീഴടങ്ങിയത്. മെസ്സിയുടെ ഫുട്ബാൾ കരിയറിൽ നിർണായക പങ്കുവഹിച്ച വ്യക്തിയുടെ വിയോഗത്തിൽ ദുഃഖം പങ്കുവെക്കുകയാണ് ഫുട്ബോൾ ലോകം.

ലയണൽ മെസ്സി ഇതിഹാസ താരമായി വളർന്നതിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു പിതാവ് ജ്വോജ് മെസ്സി. എന്നും മെസ്സിയുടെ തണലായി അദ്ദേഹം നിലനിന്നു. ചെറുപ്പത്തിൽ വളർച്ചാ ഹോർമോൺ കുറവുകളാൽ പ്രയാസപ്പെട്ട മെസ്സിയെ ന്യൂവൽസ് ഓൾഡ് ബോയ്സ് യൂത്ത് ടീമിൽ കളിക്കുന്ന കാലത്ത് ശരിയായ ചികിത്സ ലഭ്യമാക്കാൻ മുൻകൈ എടുത്തത് മുതൽ ആ പിന്തുണ മെസ്സിക്ക് കരുതായിരുന്നു.

ഫുട്ബോൾ കരിയറിൽ സ്വന്തം മേൽവിലാസം ഒരുക്കാൻ പതിമൂന്നാം വയസ്സിൽ ബാഴ്സലോണയിലേക്ക് വണ്ടി കയറുമ്പോൾ മെസ്സിക്കൊപ്പം സ്പെയിനിലേക്ക് പോയതും പിതാവ് തന്നെ. ഭാര്യ സിസിലിയയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരും അന്ന് റൊസാരിയോയിൽ തുടർന്നപ്പോഴും മെസ്സിയുടെ തണലായി ജ്വോജ് സ്പെയിനിൽ കൂടെനിന്നു.

മെസ്സിയുടെ മുഴുവൻ പ്രൊഫഷണൽ കരിയറിന്റെയും നേട്ടത്തിന് പിന്നിൽ ജ്വോജ് മെസ്സിയുടെ കഠിനാധ്വാനം ഉണ്ടായിരുന്നു. മെസ്സിയുടെ ഔദ്യോഗിക ഏജന്റായി പ്രവർത്തിച്ച അദ്ദേഹം ബാഴ്സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബ്ബുകളുമായുള്ള കരാറുകൾക്ക് നേതൃത്വം നൽകി. വാണിജ്യ-പരസ്യ കരാറുകളിലും ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും നേതൃത്വം നൽകി കളിക്കളത്തിന് പുറത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് മെസ്സിക്ക് കളയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമൊരുക്കി.

കഴിഞ്ഞ കുറച്ചുകാലമായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ വലഞ്ഞിരുന്ന ജ്വോജ് മെസ്സിയുടെ അഭാവം ലോകകപ്പ് വേദിയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യ ആന്റോണല്ല റൊക്കൂസോയും മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവരും ഗാലറിയിൽ മെസ്സിയെ പ്രോത്സാഹിപ്പിക്കാൻ എത്തിയപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജ്വോജ് മെസ്സിക്ക് മത്സരങ്ങൾ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല.

ലോകകപ്പിനിടെ കണ്ണീരണിഞ്ഞ മെസ്സിയോട് മുൻ അർജന്റീന താരവും കമന്റേറ്ററുമായ ജുവാൻ പാബ്ലോ സോറിൻ “ഈ കണ്ണീർ നിങ്ങളുടെ കുടുംബത്തിനും ദേശീയ ടീം എന്ന് പറയുന്ന മറ്റേ കുടുംബത്തിനും വേണ്ടിയുള്ളതാണോ?” എന്ന് ചോദിച്ചിരുന്നു. “അതെ, അതെ… സത്യത്തിൽ കുടുംബത്തിന് വേണ്ടി തന്നെയാണ് മറ്റെന്തിനേക്കാളും. ഇപ്പോൾ ഞങ്ങൾ ഒരു ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരുപാട് കാര്യങ്ങൾ ഒന്നിച്ചു വന്നു, എങ്കിലും വ്യക്തമായും അവരെ ഓർത്ത് എന്നെ പിന്തുണയ്ക്കുന്ന ഈ മികച്ച സംഘത്തെ ഓർത്ത് എനിക്ക് സന്തോഷമുണ്ട്,” മെസ്സി മറുപടി നൽകി.

ഈ സംഭാഷണം നടന്ന് ദിവസങ്ങൾക്ക് ശേഷം, ജ്വോജ് “മെഡിക്കൽ നിരീക്ഷണത്തിലാണെന്നും, ആരോഗ്യസ്ഥിതിയിൽ അനുകൂലമായ പുരോഗതിയോടെ സുഖം പ്രാപിച്ചുവരികയാണെന്നും” വ്യക്തമാക്കി മെസ്സി കുടുംബം പ്രസ്താവന പുറത്തിറക്കിയിരുന്നു.

Share