‘ഭാര്യയെ കൊലപ്പെടുത്തി, കനാലിൽ തള്ളും’: ബന്ധുക്കൾക്ക് വിഡിയോ കോൾ, പിന്നാലെ ജീവനൊടുക്കി യുവാവ്

ഹാസൻ (കർണാടക): ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ വിഡിയോ കോളിൽ വിളിച്ച് അറിയിച്ചതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഹാസൻ ജില്ലയിലെ ബെലൂർ താലൂക്കിലെ കെസഗോഡ് ഗ്രാമത്തിലാണ് സംഭവം. രഘു (41) ആണ് ആത്മഹത്യ ചെയ്തത്. ഭാര്യ ഗഗനയെ (38) കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ അറിയിച്ചശേഷമാണ് ഇയാൾ ജീവനൊടുക്കിയത്.

വെള്ളിയാഴ്ചയാണ് പൊലീസ് രഘുവിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ദിവസം രഘു, ഭാര്യ ഗഗനയ്‌ക്കൊപ്പം കാറിൽ കെസഗോഡ് ഗ്രാമത്തിലെത്തി. അവിടെവച്ച് ഗഗനയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ബന്ധുക്കളെ വിഡിയോ കോൾ വിളിച്ച് താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും മൃതദേഹം കനാലിൽ തള്ളുമെന്നും പറഞ്ഞു. ശേഷം അതേ സ്ഥലത്ത് വച്ച് രഘു ആത്മഹത്യ ചെയ്തു.

13 വർഷം മുൻപാണ് രഘുവും ഗഗനയും വിവാഹിതരായത്. ഇവർക്ക് 12, 6 വയസ്സ് പ്രായമുള്ള രണ്ടു മക്കളുണ്ട്. ചിക്കമംഗളൂരുവിൽ ബേക്കറി നടത്തുകയായിരുന്നു കുടുംബം. അവിടെയായിരുന്നു താമസിച്ചിരുന്നത്. ഗഗനയെ കൊലപ്പെടുത്തിയോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം ഇതുവരെയും ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ല.

ഗഗനയെ കാണാതായതിനാൽ ചിക്കമഗളൂരുവിലെ ബസവനഹള്ളി പൊലീസ് സ്റ്റേഷനിൽ കാണാതായ വ്യക്തിയെക്കുറിച്ച് പരാതി രജിസ്റ്റർ ചെയ്തതായി ഹാസൻ എസ്.പി. ശുഭാന്വിത പറഞ്ഞു.

ഹാസൻ പൊലീസ് അസ്വാഭാവിക മരണക്കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യാഗചി കനാലും അതിന്റെ പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് യുവതിയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. സംഭവത്തിന് പിന്നിലെ കാരണവും പൊലീസ് അന്വേഷിച്ചുവരികയാണ്.

Share