‘നേപ്പാള്‍ മാതൃകയില്‍ ജെന്‍ സീ വിപ്‌ളവം നടക്കണം, ദുര്‍ഭരണം അവസാനിപ്പിക്കണം’, ആഹ്വാനവുമായി വിജയ്‌യുടെ പാര്‍ട്ടി നേതാവ്

ചെന്നൈ: തമിഴ്‌നാട്ടിലെ യുവതലമുറ നേപ്പാളില്‍ നടന്ന ജെന്‍ സീ വിപ്ലവത്തിന് സമാനമായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്ത് നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം(ടിവികെ) കക്ഷിയുടെ മുതിര്‍ന്ന നേതാവ് ആധവ് അര്‍ജുന. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച് പോസ്റ്റിലൂടെയായിരുന്നു ആഹ്വാനം. പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. എങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വന്‍തോതില്‍ പ്രചരിക്കുകയാണ്. ദുഷിച്ച സര്‍ക്കാരിനെതിരെ, അതായത് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) സർക്കാരിനെതിരെ സംസ്ഥാനത്തെ പുതുതലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങണം എന്നാണ് തമിഴില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുള്ളത്.
.
കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ ദുരന്തമുണ്ടാകുകയും 41 പേര്‍ മരിക്കുകയും ചെയ്ത് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആധവ് അര്‍ജുന ഇത്തരത്തിലുള്ള ആഹ്വാനമുയര്‍ത്തിയത്. നിരുത്തരവാദപരമെന്ന് പോസ്റ്റിനെ വിശേഷിപ്പിച്ച ഡിഎംകെ നേതാവും ലോക്സഭ എംപിയുമായ കനിമൊഴി, പോസ്റ്റ് അക്രമത്തിന് പ്രേരകമാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പോസ്റ്റ് ഉടനടി ഡിലീറ്റ് ചെയ്തതായും അര്‍ജുന ആഹ്വാനം ചെയ്ത വിപ്‌ളവവുമായോ പോസ്റ്റിലെ പരാമര്‍ശങ്ങളുമായോ പാര്‍ട്ടിയ്ക്ക് യൊതൊരു ബന്ധവുമില്ലെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിയും വിജയ്‌യും ഒരിക്കലും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കികയില്ലെന്നും ടിവികെ കൂട്ടിച്ചേര്‍ത്തു.
.
‘’യുവജനങ്ങള്‍ നയിക്കുന്നവിപ്ലവം മാത്രമാണ് ഏകപരിഹാരം. ശ്രീലങ്കയിലും നേപ്പാളിലും ‘ജെന്‍ സീ ‘ തലമുറ ഭരണകൂടത്തിനെതിരെ വിപ്ലവം നടത്തി. ഇവിടെയും യുവജനങ്ങള്‍ ഒരു വിപ്ലവത്തിന് നേതൃത്വം നല്‍കും. ആ വിപ്ലവം ഭരണമാറ്റത്തിന് കാരണമാകും. ഒരു ദുഷ്ട ഭരണാധികാരിയുടെ കീഴില്‍ നിയമങ്ങള്‍ പോലും ദുഷിച്ചതായിത്തീരും, വെറുതെ റോഡിലൂടെ നടന്നതിന്’ ആളുകളെ മര്‍ദ്ദിക്കുകയും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചതിന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു”, അർജുനയുടെ പോസ്റ്റിൽ പറയുന്നു.

അതേസമയം, കരൂരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിജയിയെ തടയരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം ശരിയല്ലെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
.

Share