കുവൈത്ത് ആകാശത്ത് വീണ്ടും ഡ്രോണ്‍ ഭീഷണി; ഇറാന്റെ ആക്രമണശ്രമം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിലെ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. എന്നാല്‍ ഇറാന്റെ ആക്രമണശ്രമം തടഞ്ഞതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്ത് സായുധസേനയുടെ ജനറല്‍ സ്റ്റാഫാണ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണെന്ന് അറിയിച്ചത്.
ആകാശത്ത് ഡ്രോണുകളെ തടയുന്നതിനിടെ കേള്‍ക്കുന്ന സ്‌ഫോടനശബ്ദങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ തടയുന്നതിന്റെ ഭാഗമായാണ് വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ ജനങ്ങളോട് അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ജാഗ്രത തുടരാനും കുവൈത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ഏജന്‍സികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും പുതിയ വിവരങ്ങള്‍ക്കായി ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
നിലവിലെ സംഭവത്തില്‍ ഡ്രോണുകള്‍ എവിടെയാണ് ലക്ഷ്യമിട്ടതെന്നോ എത്ര ഡ്രോണുകളാണ് തടഞ്ഞതെന്നോ കുവൈത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലാകെ സുരക്ഷാ ജാഗ്രത ശക്തമായി തുടരുകയാണ്. കുവൈത്തിനെതിരായ മുന്‍ ആക്രമണങ്ങളിലും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് കുവൈത്ത് ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു. മാര്‍ച്ച് 8 വരെയുള്ള കണക്കനുസരിച്ച് ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങളില്‍ 234 ബാലിസ്റ്റിക് മിസൈലുകളും 422 ഡ്രോണുകളും കുവൈത്തിനെതിരെ വിക്ഷേപിച്ചതായി കുവൈത്ത് യു.എന്നിനെ അറിയിച്ചിരുന്നു.


