വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്‌റാഈല്‍; പള്ളികള്‍ക്ക് തീയിട്ടു

തെല്‍ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്റാഈലി കുടിയേറ്റക്കാരുടെ അതിക്രമം തുടരുന്നു. രണ്ട് പള്ളികള്‍ക്ക് തീയിട്ടു. വെള്ളിയാഴ്ച നബ്ലസിലെ താലില്‍ ഇസ്റാഈല്‍ സൈന്യവും ജൂത കൈയേറ്റക്കാരും നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് അതിക്രമം. ആക്രമണങ്ങളില്‍ ഇതുവരെ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

നബ്ലസിന് തെക്കുകിഴക്കുള്ള ഖുസ്രയില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ മസ്ജിദിനാണ് തീവെച്ചതെന്ന് വില്ലേജ് കൗണ്‍സില്‍ തലവനായ അബ്ദുല്‍ അസിം വാദി പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ വിപുലമായ സൈനിക നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി. ഒക്ടോബറില്‍ ഇസ്റാഈലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ നീക്കം. 1967ല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ ഇസ്റാഈലിനോട് ചേര്‍ക്കണമെന്നാണ് ധനമന്ത്രിയായ ബെസലേല്‍ സ്മോട്രിച്ച് ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

തെല്‍ അവീവില്‍ പ്രതിഷേധം
ഇസ്റാഈലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കും സൈനിക ഭരണത്തിനുമെതിരെ തെല്‍ അവീവില്‍ പ്രതിഷേധിച്ച ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച തെല്‍ അവീവിലെ കപ്ലാന്‍ സ്ട്രീറ്റില്‍ ഇടത് പാര്‍ട്ടിയായ ഹദാഷിന്റെയും സഖ്യകക്ഷികളുടെയും നേതൃത്വത്തിലാണ് നൂറുകണക്കിന് ആളുകള്‍ അണിനിരന്ന പ്രതിഷേധം സംഘടിപ്പിച്ചത്.

ഇരുനൂറിലധികം പേര്‍ തെരുവിലിറങ്ങിയതായി ‘മദേഴ്സ് എഗെയ്ന്‍സ്റ്റ് വയലന്‍സ്’ എന്ന സംഘടന വ്യക്തമാക്കി. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് പ്രകടനം നടന്നതെന്നും ഗതാഗതം തടസ്സപ്പെടുത്തി ജനജീവിതം സ്തംഭിപ്പിച്ചതിനാണ് നടപടിയെന്നുമാണ് ഇസ്റാഈല്‍ പോലീസിന്റെ വിശദീകരണം. വെസ്റ്റ് ബാങ്കില്‍ നടക്കുന്ന അക്രമസംഭവങ്ങളെ ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള, ചരിത്രപരമായി ഫലസ്തീന്റെ ഭാഗമായ പ്രദേശമാണ് വെസ്റ്റ് ബാങ്ക്. ഇസ്റാഈല്‍, ജോര്‍ദാന്‍, ചാവുകടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ട 5,650 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശത്ത് ഏകദേശം മൂന്ന് ദശലക്ഷം ഫലസ്തീനികളാണ് താമസിക്കുന്നത്.

ഇവിടെ ഇസ്‌റാഈല്‍ അധിനിവേശം രൂക്ഷമായി തുടരുകയാണ്. ലോകത്ത് ഏറ്റവും വേഗം അധിനിവേശം നടക്കുന്ന ഭൂവിഭാഗമായാണ് പ്രദേശത്തെ യു എന്‍ കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത 8,71,000 അഭയാര്‍ഥികളാണുള്ളത്.

Share