അർജന്റീനയ്ക്ക് കണ്ണീർ മടക്കം, തോൽവിയിൽ മാന്യതയും കൈവിട്ടു

ന്യൂജഴ്‌സിയിലെ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് സ്പാനിഷ് ആരാധകർ ഒരേ സ്വരത്തിൽ ആർത്തുവിളിച്ചു ആഘോഷിക്കുമ്പോഴും, മറുഭാഗത്ത് മൈതാനത്ത് വീണ കണ്ണീർത്തുള്ളികൾക്ക് മെസ്സി എന്ന പേരുണ്ടായിരുന്നു.

ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ മൂന്ന് ലോകകപ്പ് ഫൈനലുകളിൽ തന്റെ രാജ്യത്തെ നയിച്ച ഏക നായകൻ എന്ന അജയ്യമായ സിംഹാസനത്തിൽ ഇരിക്കുമ്പോഴും, ലയണൽ ആന്ദ്രേസ് മെസ്സിയുടെ കണ്ണുകൾ ശൂന്യതയിലേക്ക് നോക്കുകയായിരുന്നു.

തോൽവിയുടെ കയ്പുനീർ കുടിച്ചിറക്കി, വിറയ്ക്കുന്ന ചുണ്ടുകളോടെ അയാൾ ആ ലോകകിരീടത്തെ നോക്കി. ഇത് കേവലം ഒരു മത്സരത്തിന്റെ പര്യവസാനമായിരുന്നില്ല, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു അധ്യായത്തിന്റെ അന്ത്യമായിരുന്നു. ഖത്തറിലെ ആനന്ദനൃത്തം ഓർമകളുടെ ആൽബത്തിലേക്ക് ഒതുക്കി, ഫുട്ബോളിന്റെ പൂർണചന്ദ്രൻ അസ്തമയത്തിലേക്ക് നീങ്ങുമ്പോൾ, കളി മറന്ന ഒരു രാവിന്റെ നോവായി അർജന്റീന അവിടെ തളർന്നു വീണിരുന്നു.

ഇത് ഖത്തറിലെ ആ സുന്ദരമായ രാവല്ല, ഇത് ആവർത്തനങ്ങളുടെ ആനന്ദ നൃത്തവുമല്ല. ഫുട്ബോളിന്റെ രാജകുമാരന്മാർക്ക് കാലം കരുതിവെച്ച ഏറ്റവും ക്രൂരമായ വിധി പര്യവസാനത്തിന്റെ നിമിഷമായിരുന്നു അത്. ഫൈനൽ വിസിലിനു ശേഷം പിഴുതെറിയപ്പെട്ട ഒരു വൃക്ഷത്തെപ്പോലെ മെസ്സി ആ പുൽത്തകിടിയിൽ ഇരുന്നു.

ചുറ്റും സ്പെയിനിന്റെ ചുവപ്പൻ വസന്തം വിരിയുമ്പോൾ, ആ നീലയും വെള്ളയും ജഴ്സിയിൽ മുഖം പൂഴ്ത്തി അയാൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഒടുവിൽ, ലുസെയ്‌ലിൽ കിരീടം നൽകി അനുഗ്രഹിച്ച അതേ ഫുട്ബോൾ ദൈവം, ന്യൂജഴ്‌സിയിൽ വച്ച് ആ ഇതിഹാസത്തിന് നേരെ ക്രൂരമായി മുഖം തിരിച്ചു. അതെ അർജന്റീനയുടെ ആകാശത്തെ ആ നീലവെളിച്ചം അണച്ച് യൂറോപ്പിനു പിന്നാലെ സ്പെയിൻ ലോകവും കീഴടക്കിയിരിക്കുന്നു.

തുടർച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് ബൂട്ടു കെട്ടിയിറങ്ങിയ അർജന്റീനയ്ക്ക് പക്ഷേ, കളിക്കളത്തിൽ തങ്ങളുടെ താളം കണ്ടെത്താനായില്ല. ലോകം മുഴുവൻ ഉറ്റുനോക്കിയ ആ മഹാപോരാട്ടത്തിൽ, പന്തുകൊണ്ട് വിസ്മയം തീർക്കാറുള്ള അർജന്റീന പെട്ടെന്ന് കളി മറന്നതുപോലെ തോന്നിപ്പിച്ചു. സ്പെയിനിന്റെ സുന്ദരമായ ‘ടിക്കി-ടാക്ക’ പാസിങ്ങുകൾക്ക് മുന്നിൽ ലാറ്റിനമേരിക്കൻ കരുത്ത് പലപ്പോഴും മങ്ങിപ്പോയി.

മത്സരത്തിന്റെ കണക്കുകൾ നോക്കിയാൽ മാത്രം മനസ്സിലാകും അർജന്റീന നേരിട്ട ആ കനത്ത പരാജയം. കളിയുടെ നിശ്ചിത 90 മിനിറ്റിലും പിന്നീട് അധികസമയത്തും സ്പെയിൻ കളം നിറഞ്ഞു കളിച്ചു. ആക്രമണത്തിന്റെ ഒരു കൊടുങ്കാറ്റാണ് ലാ റോജ അർജന്റീനയുടെ ബോക്സിലേക്ക് അഴിച്ചുവിട്ടത്. എന്നാൽ അർജന്റീനയുടെ രക്ഷകനായി ഗോൾവലയ്ക്ക് മുന്നിൽ എമിലിയാനോ മാർട്ടിനെസ് എന്ന ‘ദിബു’ ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് മാത്രം 10 തകർപ്പൻ സേവുകളുമായി മാർട്ടിനെസ് ടീമിനെ താങ്ങിനിർത്തി. ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. എന്നാൽ ഒരു മനുഷ്യന് എത്രത്തോളം ഒരു കോട്ടയെ ഒറ്റയ്ക്ക് കാക്കാനാകും?

കളി കൈവിട്ടുപോകുന്നു എന്ന് തോന്നിയ നിമിഷങ്ങളിൽ അർജന്റീനയുടെ കളി ശൈലി പരുക്കനായി മാറി. സൗന്ദര്യത്മകമായ ഫുട്ബോളിന് പകരം ഫൗളുകളും തർക്കങ്ങളും കളം കൈയടക്കി. ലിയാൻഡ്രോ പരെഡെസ് രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന് മിനിറ്റുകൾക്കകം സ്പാനിഷ് താരം റോഡ്രിയെ ഫൗൾ ചെയ്തതും തുടർന്നുണ്ടായ തർക്കങ്ങളും മത്സരത്തിന്റെ അന്തരീക്ഷം വഷളാക്കി.

എന്നാൽ അർജന്റീനയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ കഠാര 90-ാം മിനിറ്റിലാണ് വന്നത്. സ്പാനിഷ് യുവതാരം പൗ ക്യൂബാർസിയെ അനാവശ്യമായി ഫൗൾ ചെയ്തതിന് ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് റഫറി സ്ലാവ്കോ വിൻസിച്ച് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കി. ലോകകപ്പ് ഫൈനലിന്റെ സമ്മർദ ഘട്ടത്തിൽ 10 പേരായി ചുരുങ്ങുക എന്നത് അർജന്റീന സ്വയം വരുത്തിവെച്ച വിനയായിരുന്നു. പ്രതിരോധ നിരയിലെ വിശ്വസ്തൻ ലിസാൻഡ്രോ മാർട്ടിനെസ് പരുക്കേറ്റ് പുറത്തുപോയതും അർജന്റീനയുടെ താളം പൂർണമായും തെറ്റിച്ചു.

പത്തുപേരുമായി അധികസമയത്തേക്ക് കടന്ന അർജന്റീനയെ സ്പെയിൻ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. മത്സരത്തിന്റെ 106-ാം മിനിറ്റിൽ ആ നിമിഷം വന്നെത്തി. പെഡ്രോ പോറോയുടെ അളന്നുമുറിച്ച ക്രോസ്സ് നിക്കോ വില്യംസ് മനോഹരമായി ഹെഡ്ഡ് ചെയ്ത് ബോക്സിലേക്ക് നൽകി. പകരക്കാരനായി വന്ന ബാർസിലോനയുടെ ഫോർവേഡ് ഫെറാൻ ടോറസ് ആ പന്ത് അർജന്റീനയുടെ വലയിലേക്ക് തിരിച്ചുവിടുമ്പോൾ എമിലിയാനോ മാർട്ടിനെസിന് പോലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

Share