വെറുമൊരു ബാന്‍ഡേജ് ഇടാവുന്ന മുറിവിന് അനസ്തീസിയ; തുന്നല്‍ ഇടാതെ മുറിവുണങ്ങി

പയ്യന്നൂരില്‍ മുഖത്തെ മുറിവില്‍ തുന്നലിടാനായി അനസ്തീസിയ നല്‍കിയതിനെത്തുടര്‍ന്ന് മരിച്ച കുഞ്ഞു ദേവാന്‍ഷിനുണ്ടായിരുന്നത് ഏകദേശം ഒരു സെന്റിമീറ്റർ മാത്രം നീളമുള്ള രണ്ടു മുറിവുകള്‍. മുറിവുകൾ ഗുരുതരം ആയിരുന്നില്ല. മുറിവിൽ നിന്ന് രക്തം വരുന്നത് ആദ്യം കാണിച്ച ആശുപത്രിയിൽ നിന്ന് തന്നെ ചികിത്സിച്ചു മാറ്റിയിരുന്നു. 

ഒരു വയസ് മാത്രമുള്ള കുഞ്ഞിന്റെ മുറിവില്‍ സ്റ്റിച്ച് ഇടണം എന്നു പറഞ്ഞാണ് പയ്യന്നൂര്‍ ബേബി മെമ്മോറിയൽ ആശുപത്രി അനസ്തീസിയ നൽകിയത്. കുഞ്ഞ് ഗുരുതരാവസ്ഥയിലേക്ക് പോയതോടെ സ്റ്റിച്ചിടലും, പ്ലാസ്റ്റിക് സർജറിയും ഒന്നും നടന്നില്ല. പക്ഷേ, ആ കുഞ്ഞുമുഖത്തെ മുറിവുകൾ പിന്നീട് തനിയെ ഉണങ്ങി. വെറുമൊരു ബാൻഡേജ് മാത്രം ഇട്ട് ഭേദമാക്കാമായിരുന്ന മുറിവിലാണ് ആശുപത്രി സ്റ്റിച്ചിടാനും, പ്ലാസ്റ്റിക് സർജറി നടത്താനും ഒരുങ്ങിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. 

കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ച് കുഞ്ഞ് കിടക്കുമ്പോൾ  മുഖത്തെ ആ രണ്ടു മുറിവുകൾക്കും ഉണക്കം സംഭവിച്ചിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. കനത്ത പ്രതിഷേധമാണ് കുഞ്ഞിന്റെ മരണത്തോടെ ആശുപത്രിക്കെതിരെ വന്നത്. 

ദേവാൻഷ് ശൗര്യയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. പരിയാരം മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീസിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെയാണ് ചികിത്സാ പിഴവ് ആരോപണം. 

മൃതദേഹം നിലവിൽ കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്. പയ്യന്നൂർ ഡിവൈഎസ്പി ഇന്ന് ആശുപത്രിയിലെത്തിയ ശേഷമാണ് പരിയാരത്തേക്ക് മൃതദേഹം കൊണ്ടു പോവുക. മുഖത്തെ ചെറിയ മുറിവിന് പ്ലാസ്റ്റിക് സർജറി ചെയ്യാൻ എന്നു പറഞ്ഞാണ് കുട്ടിക്ക് അനസ്തീസിയ നൽകിയിരുന്നത്. അനസ്തീസിയക്ക് പിന്നാലെ അബോധാവസ്ഥയിൽ ആയ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് ഇന്നും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകാനാണ് സാധ്യത

Share