‘എന്നെ കൊന്നാല്‍ ബോംബിട്ട് ഇറാനെ തീര്‍ത്തുകളയണം’; നിര്‍ദേശം നല്‍കിയതായി ട്രംപ്
വാഷിങ്ടണ്‍: താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാന് നേരെ വന്‍തോതില്‍ ബോംബാക്രമണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എന്നെ ദീര്‍ഘകാലമായി ഇറാന്‍ ഉന്നമിടുന്നുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഇറാന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ – അഭിമുഖത്തില്‍ ട്രംപ് വിശദീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ ആസൂത്രണം ചെയ്യുന്നതായി ഇസ്രയേല്‍ ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിനോടാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേല്‍ പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം ഇത് ഗൗരവത്തിലെടുത്തില്ല. ഇറാന്‍ പുതുതായി ഒന്നും ആസൂത്രണം ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഇല്ല, ഇല്ല… ഇസ്രയേല്‍ പുതുതായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഇറാന്റെ വധഭീഷണിയൊക്കെ ദീര്‍ഘകാലമായുള്ളതാണ്. അവര്‍ വര്‍ഷങ്ങളായി എന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്ന് മാത്രമല്ല, അവരുടെ ഹിറ്റ്ലിസ്റ്റില്‍ എനിക്ക് ഒന്നാം സ്ഥാനമാണുള്ളത്. നിങ്ങള്‍ക്കറിയുമോ, ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. നിങ്ങളൊക്കെ എന്നെ ഓര്‍ക്കുമെന്നാണ് എന്റെ പ്രതീക്ഷ.’ – ട്രംപ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു


