പോർച്ചുഗൽ പ്രീക്വാർട്ടറിൽ കടന്നത്തോടെ ഇനി തീ പാറു പോരാട്ടം; റൊണാൾഡോയ്ക്ക് ചരിത്ര റെക്കോർഡ്
ടൊറന്റോ: ഫിഫ ലോകകപ്പ് (FIFA World Cup) ഫുട്ബോൾ ടൂർണമെന്റിലെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടറിൽ കടന്നത്തോടെ ഇനി തീ പാറു പോരാട്ടം . ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ സബ്ബായി കളത്തിലിറങ്ങിയ ഗോൺസാലോ റാമോസ് ഇഞ്ചുറി ടൈമിൽ നേടിയ ഹെഡ്ഡർ ഗോളാണ് പോർച്ചുഗലിന് നാടകീയ വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ ഗോൾ നേടി ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്കോറർ എന്ന പുതിയ ചരിത്ര റെക്കോർഡ് സ്വന്തമാക്കി. ക്വാർട്ടർ ഫൈനൽ പ്രവേശനത്തിനായുള്ള പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ ഇനി സ്പെയിനെ നേരിടും. ഈ തോൽവിയോടെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിന് കണ്ണീരോടെ അന്ത്യമായി.
ആദ്യപകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചെങ്കിലും രണ്ടാം പകുതി നാടകീയ സംഭവങ്ങളാൽ സമ്പന്നമായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കകം ജോസിപ് സ്റ്റാനിസിച്ച് നൽകിയ ക്രോസിൽ നിന്ന് ഇവാൻ പെരിസിച്ച് ഗോൾ നേടി ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. എന്നാൽ ബോക്സിനുള്ളിൽ വെച്ച് പോർച്ചുഗൽ താരം റെനാറ്റോ വെയ്ഗയെ ഫൗൾ ചെയ്തതിന് വാർ (Video Assistant Referee) പരിശോധനയ്ക്ക് ശേഷം റഫറി പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്ക് എടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിഴച്ചില്ല. താരം പന്ത് വലയിലെത്തിച്ച് പോർച്ചുഗലിന് സമനില സമ്മാനിച്ചു.
മത്സരത്തിന്റെ 81-ാം മിനിറ്റിൽ റൊണാൾഡോയെ പിൻവലിച്ച് റൂബൻ നെവസിനെ പോർച്ചുഗൽ പരിശീലകൻ കളത്തിലിറക്കി. മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ 94-ാം മിനിറ്റിൽ റാഫേൽ ലിയാവോ നൽകിയ കൃത്യതയാർന്ന ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ ഗോൺസാലോ റാമോസ് വലയിലെത്തിക്കുകയായിരുന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ മാരിയോ പാസാലിച്ച് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.
ഇതോടെ ക്രൊയേഷ്യയുടെ സമനില പ്രതീക്ഷകൾ തകരുകയും പോർച്ചുഗൽ ആവേശകരമായ വിജയം ഉറപ്പാക്കുകയും ചെയ്തു. മത്സരത്തിലുടനീളം മികച്ച സേവുകളുമായി പോർച്ചുഗൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റയും പ്രതിരോധ നിരയിൽ റൂബൻ ഡയസും മികച്ച പ്രകടനം കാഴ്ചവെച്ചു.


