നായയെ പിന്തുടര്‍ന്നെത്തി വീടിനുള്ളിലേക്ക് ഓടിക്കയറി പുലി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

മസിനകുടി : വളർത്തുനായയെ പിന്തുടർന്നെത്തിയ പുലി വീടിനുള്ളിൽ കയറി. മസിനകുടി, മായാർ ​ഗ്രാമത്തിലെ വീടിനുള്ളിലാണ് പുലി ഓടിക്കയറിയത്.

മുതുമല കടുവ സങ്കേതം മസിനഗുഡി റേഞ്ചിലെ അവരല്ലാ സെക്ഷനിലെ സെൽവപ്പാ കോളനിയിൽ ശിവകുമാറിന്റെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് വീടിനുള്ളിലേക്ക് പുലി പാഞ്ഞെത്തിയത്.

ജനവാസമേഖലയിലെ വീട്ടിനുള്ളിലേക്ക് പുലിയെത്തിയത് നാട്ടുകാര്‍ക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നായക്ക് പിന്നാലെ പുലിയോടിയെത്തുന്നത് കണ്ട വീട്ടുകാർ ഉടൻ വീടിന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട് പുറത്തുനിന്നും പൂട്ടിയശേഷം വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

വനം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തുകയും പുലർച്ചെ 2.30 ഓടെ പുലിയെ പിടികൂടുകയും ചെയ്തു. പിന്നീട് പുലിയെ സിം​ഗൂർ വനമേഖലയിൽ തുറന്നുവിട്ടതായി അധികൃതർ അറിയിച്ചു.

Share
error: Content is protected !!