‘പിഴവ് പറ്റി; കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിർദേശപ്രകാരം’: എസ്ഐടിക്ക് മുന്നിൽ കരഞ്ഞ് എസ്ഐമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരുടെ ‘രക്ഷാപ്രവര്‍ത്തനം’ സംബന്ധിച്ച കേസ് അട്ടിമറിക്കാന്‍ ഇടപെട്ടത് എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്ന് എസ്‌ഐടിക്കു മുന്നില്‍ കരഞ്ഞു കൊണ്ട് സമ്മതിച്ച് ഗ്രേഡ് എസ്‌ഐമാര്‍.

എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് പിഴവ് പറ്റിയെന്ന് സമ്മതിച്ചത്. എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യം ഇതു സമ്മതിക്കാതിരുന്ന എസ്‌ഐമാര്‍ തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍ പിഴവ് ഏറ്റുപറയുകയായിരുന്നു.

പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വച്ചു മര്‍ദിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരോട് എഡിജിപിയുടെ ഓഫിസില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് 2024 ഓഗസ്റ്റ് നാലിനാണ് ശ്രീകാന്തും ഗിരീഷും വിളിച്ചത്. ഈ സമയം എഡിജിപി വയനാട്ടിലെ ദുരന്തഭൂമിയിലായിരുന്നു. ഇവിടെനിന്നു ഫോണിലാണ് എഡിജിപി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്.

ഓഗസ്റ്റ് അഞ്ചിന് ഓഫിസിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ കൊടുക്കേണ്ട റിപ്പോര്‍ട്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചു കുറിപ്പു നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ തിരുത്തു വരുത്തി റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തില്ല. തുടര്‍ന്ന് എഡിജിപിയുടെ നിര്‍ദേശപ്രകാരം 13ന് ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചു. തുടര്‍ന്ന് ഓഫിസില്‍ വച്ചു തന്നെ റിപ്പോര്‍ട്ട് തിരുത്തി എഴുതി. 15ന് ഓഫിസില്‍ എത്തിയ എഡിജിപി തിരുത്തിയ റിപ്പോര്‍ട്ട് പരിശോധിച്ച് അംഗീകരിക്കുകയും ഈ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്നാണ് ഗ്രേഡ് എസ്‌ഐമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.

Share
error: Content is protected !!