ലോട്ടറിയടിച്ചത് 52 കോടി! സ്വന്തമായി ഒന്നും വേണ്ടെന്ന് പ്രവാസി മലയാളി; സുഹൃത്തിന് കൈത്താങ്ങാകും

അബുദാബി: പ്രവാസലോകത്തുനിന്ന് വീണ്ടും രണ്ടുപേരെ തേടി കോടികളുടെ ഭാഗ്യമെത്തിയിരിക്കുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 4.5 കോടിയിലേറെ ദിർഹം (ഏകദേശം 52 കോടി രൂപ) സ്വന്തമാക്കിയ ബഹ്റൈനിലെ മലയാളി കൃഷ്ണകുമാർ ശ്യാമള രവീന്ദ്രനും ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ഏകദേശം 9 കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) നേടിയ ലീഗൽ കൗൺസിലർ ഗൗരവ് മദാനുമാണ് ആ മഹാഭാഗ്യവാന്മാർ.

എന്നാൽ, അപ്രതീക്ഷിതമായി കൈവന്ന ഈ വൻതുക ആഡംബരങ്ങൾക്കായി മാറ്റിവയ്ക്കാനല്ല, മറിച്ച് തങ്ങളെ വിശ്വസിച്ചു കൂടെയുള്ളവർക്കായി കാരുണ്യത്തിന്റെ കൈത്താങ്ങാവാനാണ് ഇരുവരും ആദ്യം തീരുമാനിച്ചിരിക്കുന്നത്.

∙ സുഹൃത്തിന് പുനർജന്മമേകാൻ കൃഷ്ണകുമാർ
അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിച്ച വിവരം സംഘാടകർ വിളിച്ചറിയിക്കുമ്പോൾ കൃഷ്ണകുമാറിന്റെ ബഹ്റൈൻ ഫോൺ നമ്പർ പരിധിക്ക് പുറത്തായിരുന്നു.

യുഎഇ സന്ദർശനത്തിലായിരുന്ന അദ്ദേഹത്തിന് ഒടുവിൽ വാട്സാപ്പിലൂടെയാണ് ഈ സന്തോഷവാർത്ത ലഭിക്കുന്നത്. കോടീശ്വരനായെന്ന യാഥാർഥ്യം ഇനിയും പൂർണമായി ഉൾക്കൊള്ളാൻ കൃഷ്ണകുമാറിന് കഴിഞ്ഞിട്ടില്ല. സഹോദരിക്കൊപ്പം എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നതിനാൽ തുക തുല്യമായി പങ്കിടും.

ഈ വലിയ നേട്ടത്തിനിടയിലും കൃഷ്ണകുമാറിന്റെ മനസ്സ് നിറയെ എട്ടു വർഷമായി കൂടെയുള്ള ഒരു സുഹൃത്താണ്. മൂന്ന് മാസം മുൻപ് ബഹ്റൈനിൽ പടവുകളിൽനിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ കർണാടക സ്വദേശിയായ സുഹൃത്ത് ഇപ്പോഴും അവിടെ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്വന്തമായി ഒന്നും വാങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും സമ്മാനത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് സുഹൃത്തിനെ തുടർചികിത്സയ്ക്കായി നാട്ടിലെത്തിക്കുക എന്നതിനാണ് തന്റെ ആദ്യ മുൻഗണനയെന്നും കൃഷ്ണകുമാർ പറയുന്നു. തളർന്നുപോയ ഒരു കുടുംബത്തിന് പ്രത്യാശ നൽകാൻ ഈ ഭാഗ്യനിമിഷം കൃഷ്ണകുമാർ മാറ്റിവയ്ക്കുകയാണ്.

∙ സ്വപ്നഭവനത്തിന്റെ ഭാരമൊഴിഞ്ഞ് ഗൗരവ്
മറ്റൊരു വശത്ത്, ദുബായിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശി ഗൗരവ് മദാനെ തേടി ഭാഗ്യദേവത എത്തിയത് കൃത്യമായ ഒരു നിർണായക നിമിഷത്തിലായിരുന്നു. ദുബായിൽ ഒരു വീട് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ എങ്ങനെ തീർക്കുമെന്ന ആശങ്കയിലായിരുന്നു ഗൗരവും കുടുംബവും. ഓഫിസിൽനിന്ന് അഡ്വാൻസ് തുക ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിൽ ടൈപ്പ് ചെയ്തുകൊണ്ടിരിക്കെയാണ് ദുബായ് ഡ്യൂട്ടി ഫ്രീയിൽനിന്ന് അദ്ദേഹത്തിന് ഫോൺവിളി വരുന്നത്. ആദ്യം ഇതൊരു തമാശയാണെന്ന് കരുതിയെങ്കിലും ഫേസ്ബുക്ക് തത്സമയ സംപ്രേഷണം കണ്ട് ബോധ്യപ്പെട്ടതോടെ അദ്ദേഹം ആനന്ദക്കണ്ണീരണിഞ്ഞു.

മുൻപ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോൾ മുതൽ ടിക്കറ്റെടുക്കാറുള്ള ഗൗരവ്, ഓൺലൈൻ വഴിയാണ് ഇത്തവണ ഭാഗ്യം പരീക്ഷിച്ചത്. സമ്മാനത്തുക ലഭിച്ചെങ്കിലും നിലവിലെ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല. ലഭിച്ച തുക ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും സ്ഥിരനിക്ഷേപങ്ങളിലുമായി സൂക്ഷിക്കാനാണ് തീരുമാനം. മകളുടെ ഉപരിപഠനവും സ്വപ്നഭവനവും ഇനി പ്രതിസന്ധികളില്ലാതെ യാഥാർഥ്യമാക്കാമെന്ന ആശ്വാസത്തിലാണ് ഈ കുടുംബം. 15 വർഷം കൊണ്ട് നേടിയെടുക്കാമെന്ന് കരുതിയ ജീവിതലക്ഷ്യങ്ങളാണ് ഒറ്റ ഫോൺവിളിയിലൂടെ ഇവർക്ക് മുന്നിൽ വളരെ വേഗത്തിൽ തെളിഞ്ഞിരിക്കുന്നത്.

Share
error: Content is protected !!