ഡ്രൈവർ വീസ വാഗ്ദാനം, കൊച്ചി സ്വദേശികൾ ആറരലക്ഷം തട്ടി; പരാതിക്ക് മുന്നേ ഒളിവ് ജീവിതം

കൊച്ചി: പോളണ്ടിൽ ഡ്രൈവർ വീസ വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശികളുടെ ആറര ലക്ഷം രൂപ കൊച്ചി സ്വദേശിനിയും സംഘവും തട്ടിച്ചെന്ന് പരാതി. പോളണ്ട്, മാൾട്ട തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലികള്‍ വാഗ്ദാനം ചെയ്ത് ഇവർ പണം തട്ടുന്ന ഒട്ടേറെ കേസുകളിൽ ഒടുവിലുത്തേതാണിത്.

പള്ളുരുത്തി നമ്പ്യാർ‍പുരം സ്വദേശി പ്രീത ലതീഷ് (39),  സഹായി പുതുവൈപ്പ് സ്വദേശി മനീഷ് സേവ്യർ (40), പത്തനംതിട്ട സ്വദേശി അജയ് എസ് വർഗീസ് (36) എന്നിവർക്കെതിരെ പള്ളുരുത്തി െപാലീസ് കേസെടുത്തു. തമിഴ്നാട്ടിലെ  അഡയാർ റാണിപ്പേട്ട് സ്വദേശികളായ 4 പേരുടെ 6.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്രതികൾ ഒളിവിലാണെന്നും ൈസബർ തെളിവുകൾ അടക്കം പരിശോധിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയതായും പള്ളുരുത്തി എസ്എച്ച്ഒ സജിൻ ശശി വ്യക്തമാക്കി. 

2025 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള സമയത്ത് കലേശ കാജ മൊയ്തീൻ, സിലമ്പരശൻ, മുഹമ്മദ് യൂനസ്, പ്രഭാകർ പിച്ചെ എന്നിവരിൽ നിന്ന് പല തവണകളായി 6.61 ലക്ഷം രൂപ പ്രതികൾ തട്ടിച്ചു എന്നാണ് പരാതി. ‘‘വിദേശ ജോലിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുന്നതിനിടെയാണ് വീസ പ്രോസസിങ്ങിൽ സഹായിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് കണ്ട് പ്രീതയെയും മറ്റുള്ളവരേയും ബന്ധപ്പെടുന്നത്.

അവർ സഹായിക്കാമെന്ന് അറിയിച്ചതിനു പുറമെ തങ്ങൾ ഇത്തരത്തിൽ വീസ തയാറാക്കി നല്‍കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ സഹായിക്കാമെന്നും വ്യക്തമാക്കി. പോളണ്ടിൽ ഡ്രൈവർ ആയി വർക്ക് വീസ ലഭിക്കും എന്നാണ് പറഞ്ഞത്. പിന്നീടാണ് ഓരോ തവണകളായി പണം വാങ്ങിത്തുടങ്ങിയത്. അങ്ങനെ സമയം മുന്നോട്ടു പോകുന്തോറും വിവരമൊന്നും കിട്ടുന്നില്ല എന്നായി. ഇതിനിടെ, ഞങ്ങൾ കൊച്ചിയിൽ പോയി അന്വേഷിച്ചു.

പിന്നെ അവരെ ഫോണിൽ പോലും കിട്ടാതായതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്’’– പണം നഷ്ടപ്പെട്ടവരിലൊരാളായ മുഹമ്മദ് യൂനസ് പറഞ്ഞു. തുടർന്ന് കൊച്ചിയിലെത്തി പരാതി നൽകി. ഒപ്പം, കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർക്കും പരാതി നൽകിയെന്ന് യൂനസ് പറഞ്ഞു. 

‘‘ഡ്രൈവർമാരായി ജോലി ചെയ്യുന്നവരാണ് ഞങ്ങൾ. പണം പലിശയ്ക്കെടുത്താണ് അവർക്ക് കൊടുത്തത്. ഉള്ള മാർഗങ്ങൾ‍ കൂടി അടഞ്ഞിരിക്കുകയാണ്. പള്ളുരുത്തി സ്റ്റേഷനിൽ നിന്ന് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു’’– യൂനസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് അയച്ച പരാതി സ്റ്റേഷനിൽ ലഭിച്ചത് അനുസരിച്ചാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന് എസ്എച്ച്ഒ വ്യക്തമാക്കി. പരാതി ലഭിക്കും മുമ്പു തന്നെ പ്രതികൾ ഒളിവിൽ പോയിരുന്നതായാണ് മനസിലാക്കുന്നതെന്നും സൈബർ വിങ്ങിന്റെ സഹായത്തോടെ അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് സ്വദേശികളെ മാത്രമല്ല, പ്രീതയ്ക്കും മനീഷിനുമെതിരെ ഒട്ടേറെ കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റജിസ്റ്റർ െചയ്തിട്ടുള്ളത്. ഇതിലൊന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഇടുക്കി സ്വദേശിയുടേതാണ്. അയാൾക്ക് നഷ്ടമായത് 1.02 ലക്ഷം രൂപയാണ്. മാൾട്ടയിലെ ഹോട്ടൽ മേഖലയിൽ ജോലി വാങ്ങി നൽകാം എന്നായിരുന്നു വാഗ്ദാനം. ഇദ്ദേഹത്തിന്റെ സുഹൃത്തു കൂടിയായ തൃശൂർ സ്വദേശിയുടെ 1.25 ലക്ഷം രൂപയും പ്രതികൾ തട്ടിച്ചെടുത്തിട്ടുണ്ട്.

‘‘കേസ് വൈകാതെ വിളിക്കും എന്നാണ് വക്കീൽ പറഞ്ഞിട്ടുള്ളത്. 2023ലാണ് സംഭവം. ഞാൻ മരടിലെ ഒരു അപ്പാർട്ട്മെന്റിൽ കെയർടേക്കറായി ജോലി ചെയ്യുമ്പോൾ പ്രീതയും മനീഷും അവിടെ താമസിച്ചിരുന്നു. മനീഷ്  ഭർ‍ത്താവാണെന്നാണ് പറഞ്ഞത്. അവർക്ക് വിദേശ ജോലി റിക്രൂട്ട്മെന്റ് ഉണ്ടെന്ന് പറഞ്ഞറിയാം. അങ്ങനെ അവിടെ നിന്ന് ജോലി മാറുന്ന സമയത്താണ് അവരോട് ഇക്കാര്യം പറഞ്ഞത്. 5 ലക്ഷം രൂപയാകും, എന്നാൽ പരിചയക്കാരനായതു കൊണ്ട് 3 ലക്ഷം മതി, മാള്‍ട്ടയിൽ ജോലി ശരിയാക്കാം എന്നു പറഞ്ഞാണ് ഒരു ലക്ഷം രൂപ വാങ്ങിയത്.

പിന്നെ ഒന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ഉണ്ടായില്ല. ഒടുവിൽ ഇത്തരമൊരു കേസിൽ അവർ അറസ്റ്റിലായെന്ന വാർത്ത കണ്ടപ്പോൾ പരാതി കൊടുക്കുകയായിരുന്നു’’– ഇടുക്കി സ്വദേശി പറഞ്ഞു. മലപ്പുറം ജില്ലയിലെ പനമ്പാട് പുറങ്ങ് സ്വദേശികളായ രണ്ടു പേരിൽ നിന്ന് ഒന്നര ലക്ഷം രൂപ വീതം തട്ടിയെടുത്തതിന് പെരുമ്പടപ്പ്, കുറ്റ്യാടി സ്റ്റേഷനുകളിലും പ്രീത ലതീഷിനെതിരെ കേസെടുത്തിരുന്നു. പോളണ്ടിൽ ജോലി വാങ്ങി നല്‍കാം എന്നായിരുന്നു ഇവർക്കുമുള്ള വാഗ്ദാനം.

Share
error: Content is protected !!