കുവൈത്ത് വിമാനത്താവളം നിശ്ചലമായി; മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ വലഞ്ഞു
കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചതോടെ നാട്ടിലേയ്ക്ക് അടിയന്തരാവശ്യങ്ങൾക്കും അവധിക്കും പുറപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യക്കാരും ഇതര രാജ്യക്കാരും വലഞ്ഞു. ഇവരിൽ ഒട്ടേറെ രോഗികളും സ്ത്രീകളും കുട്ടികളുമുണ്ട്.
അതേസമയം, കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ (എൻബികെ) ശാഖകൾ താൽക്കാലികമായി അടച്ചു. നാട്ടിലേക്ക് പുറപ്പെട്ട ആയിരക്കണക്കിന് യാത്രക്കാരാണ് പാതിവഴിയിൽ കുടുങ്ങിയത്.
വിമാനത്താവളത്തിലെ കൺട്രോൾ ടവറിലെയും റഡാർ സംവിധാനങ്ങളിലെയും അപ്രതീക്ഷിത തകരാറാണ് വ്യോമഗതാഗതം പൂർണമായി തടസ്സപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. സുരക്ഷ മുൻനിർത്തി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട്ട് നിന്നും ഇതര കേന്ദ്രങ്ങളിൽ നിന്നും കുവൈത്തിലേയ്ക്ക് പുറപ്പെട്ട ഐഎക്സ് 393 എയർ ഇന്ത്യ എക്സ്പ്രസ് അടക്കം ഒട്ടേറെ വിമാനങ്ങൾ പകുതി വഴിയിൽ തിരിച്ചു വിട്ടതായും റിപോർട്ടുകളുണ്ട്.
കുവൈത്ത് വഴി കേരളത്തിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും ടിക്കറ്റെടുത്തിരുന്ന നൂറുകണക്കിന് യാത്രക്കാർ കണക്റ്റിങ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തിയവർക്ക് തുടർവിമാനങ്ങൾ റദ്ദാക്കിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
∙ അടിയന്തര യാത്രക്കാർ പ്രതിസന്ധിയിൽ: വീടുകളിലെ അടിയന്തര ആവശ്യങ്ങൾക്കും ചികിൽസയ്ക്കുമായി നാട്ടിലേക്ക് തിരിക്കാനിരുന്ന ഒട്ടേറെ മലയാളികൾ കുവൈത്ത് വിമാനത്താവളത്തിൽത്തന്നെ മണിക്കൂറുകളോളമാണ് കാത്തിരിക്കുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ കടുത്ത ദുരിതത്തിലായി.
ഇതിനിടെ, കുവൈത്തിൽ ഇറങ്ങേണ്ടിയിരുന്ന നിരവധി രാജ്യാന്തര വിമാനങ്ങൾ സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. കുവൈത്തിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകളുടെ സമയക്രമവും പൂർണമായി തെറ്റിയിരിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിച്ച് വിമാനത്താവളത്തിന്റെ പ്രവർത്തനം എത്രയും വേഗം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് വിവരങ്ങൾ മുൻകൂട്ടി ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്.
വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് (ടി വൺ), ടെർമിനൽ നാല് (ടി ഫോർ) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ശാഖകളാണ് ഇന്ന് മുതൽ അടച്ചിടാൻ തീരുമാനിച്ചതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെയും ഇടപാടുകാരുടെയും സുരക്ഷ മുൻനിർത്തിയാണ് അടിയന്തര നടപടി. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ശാഖകൾ വീണ്ടും തുറക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്റെ കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടം സംഭവിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ പേർക്ക് പരുക്കേറ്റതിനെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സർവീസുകൾ പൂർണമായി നിർത്തിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിനുള്ളിലെ ബാങ്കിങ് സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
….


