ഇത് പുതു ചരിതം: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ്

ദോഹ: ഫുട്‌ബോള്‍ ലോകത്ത് മലയാളികള്‍ക്ക് അഭിമാനമായി ചരിത്രനേട്ടം. ജൂണ്‍ 11 മുതല്‍ യു.എസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ ഖത്തര്‍ ദേശീയ ടീമില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ് ജംഷിദ് (19) ഇടംപിടിച്ചു.

ലോകകപ്പ് ഫുട്‌ബോളിനുള്ള ഒരു രാജ്യത്തിന്റെ അന്തിമ ടീമില്‍ ഇടംനേടുന്ന ആദ്യ മലയാളിയാണ് ഈ പത്തൊന്‍പതുകാരന്‍. നേരത്തെ പ്രഖ്യാപിച്ച സാധ്യതാ ടീമില്‍ തഹ്സിന്‍ ഇടം നേടിയിരുന്നു.

അക്രം അഫീഫ്, ഹസ്സന്‍ അല്‍ ഹൈദോസ്, അല്‍മുഈസ് അലി തുടങ്ങിയ ഏഷ്യന്‍ ഫുട്‌ബോളിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഖത്തര്‍ നിരയിലാണ് ഈ മലയാളി കൗമാരക്കാരന്‍ പന്തുതട്ടുക. നിലവില്‍ യു.എസില്‍ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിലാണ് താരം. ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തറിന്റെ സ്ഥാനം. കാനഡ, സ്വിറ്റ്സര്‍ലന്‍ഡ്, ബോസ്‌നിയ ഹര്‍സെഗോവിന എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഖത്തറില്‍ ജനിച്ചുവളര്‍ന്ന തഹ്‌സിന്‍ ചെറുപ്രായത്തില്‍ തന്നെ അവിടെ കളിപഠിച്ച് മികവ് തെളിയിച്ചതാണ്. മുന്‍ കേരള ഫുട്‌ബോളറും ഖത്തറില്‍ ചീഫ് അക്കൗണ്ടന്റുമായ കണ്ണൂര്‍ തലശ്ശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ്.

2021-ല്‍ ഖത്തറിന്റെ അണ്ടര്‍-16 ദേശീയ ടീമില്‍ ഇടംനേടിയാണ് തഹ്സിന്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് അണ്ടര്‍-17, അണ്ടര്‍-19 ടീമുകളിലും ചൈനയില്‍ നടന്ന അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഖത്തറിനായി മൂന്ന് മത്സരങ്ങളിലും ബൂട്ടണിഞ്ഞു. 17-ാം വയസ്സില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പ്രമുഖ ക്ലബായ അല്‍ ദുഹൈലിന്റെ സീനിയര്‍ ടീമിലെത്തി. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് തഹ്സിന്‍. 2024 മാര്‍ച്ചിലായിരുന്നു അല്‍ ദുഹൈലിനായുള്ള തഹ്സിന്റെ അരങ്ങേറ്റം.

2024 ജൂണില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് തഹ്സിന്‍ ഖത്തര്‍ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറിയത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇപ്പോഴും വിദൂര സ്വപ്നമായി തുടരുമ്പോഴാണ്, ഖത്തര്‍ ജേഴ്‌സിയില്‍ ഒരു മലയാളി താരം ലോകകപ്പ് വേദിയിലേക്ക് ബൂട്ടുകെട്ടാന്‍ ഒരുങ്ങുന്നത് എന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും വലിയ ആവേശമാണ് നല്‍കുന്നത്.

Share
error: Content is protected !!