സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

അരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. 

വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്.

2013 ജൂലൈ 21-ന് രാത്രി രണ്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായക്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്.

കുടുംബവുമൊത്ത് കോഴിക്കോട്ടുനിന്ന് പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്കുവരുമ്പോൾ ടയർ പഞ്ചറായി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണു മുഹമ്മദ് ഷരീഫ് നാട്ടുകാരോടു പറഞ്ഞത്. സംശയംതോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെന്ന് തെളിഞ്ഞത്.

ഇതിന് രണ്ടുമാസം മുൻപ് പ്രതി ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതായി പൊലീസ് കണ്ടെത്തി. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിരുന്നില്ല.

തുടർന്ന് സാബിറയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

Share
error: Content is protected !!