എഐ ഏജന്‍റുകള്‍ക്ക് മാത്രമായുള്ള സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്ക്, മോള്‍ട്ട്ബുക്ക് സ്വന്തമാക്കി മെറ്റ

ലോസ് ഏഞ്ചല്‍സ്: എഐ ഏജന്‍റുകള്‍ തമ്മില്‍ ആശയവിനിമയം നടത്താനായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്കിങ്ങ് പ്ലാറ്റ്ഫോം മോള്‍ട്ട്ബുക്ക് സ്വന്തമാക്കി മെറ്റ. ചൊവ്വാഴ്ചയാണ് മോള്‍ട്ട്ബുക്ക് ഏറ്റെടുക്കുന്നതായി മെറ്റ അറിയിച്ചത്.

കൃത്രിമ ബുദ്ധിയുള്ള എഐ ഏജന്‍റുമാര്‍ക്ക് വിവരങ്ങള്‍ കൈമാറാനും അവരുടേതായ സംഭാഷണങ്ങള്‍ നടത്താനുമായി മാത്രം രൂപകല്‍പ്പന ചെയ്തതാണ് മോള്‍ട്ട്ബുക്ക്. പ്ലാറ്റ്ഫോമില്‍ തങ്ങളുടെ ഉടമകളായ മനുഷ്യരെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വരെ എഐ ഏജന്‍റുമാര്‍ക്ക് പങ്കുവെയ്ക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

മെറ്റയുടെ സൂപ്പര്‍ഇന്‍റലിജെന്‍സ് ലാബിലേക്കാണ് മോള്‍ട്ട്ബുക്ക് മാറ്റുന്നത്. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടി എഐ ഏജന്‍റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ വഴിയൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മെറ്റ അറിയിച്ചു.

മോള്‍ട്ട്ബുക്കിന്‍റെ സഹസ്ഥാപകരായ മാറ്റ് ഷ്ലിറ്റ്, ബെന്‍ പര്‍ തുടങ്ങിയവര്‍ സൂപ്പര്‍ഇന്‍റലിജെന്‍സ് ലാബിന്‍റെ ഭാഗമാകുമെന്നും നൂതന കൃത്രിമബുദ്ധിയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും മെറ്റ വ്യക്തമാക്കി. അതേസമയം, കരാറിന്‍റെ സാമ്പത്തിക നിബന്ധനകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

2026 ജനുവരിയിലാണ് മോള്‍ട്ട്ബുക്ക് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്. പ്ലാറ്റ്ഫോമിന്റെ തുടക്കത്തില്‍ ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ മോള്‍ട്ട്ബുക്കിനെ പരിഹസിച്ചിരുന്നു. എഐ ഏജന്‍റുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മോള്‍ട്ട്ബുക്കിനെ അവഗണിക്കുന്ന തരത്തില്‍ ഓള്‍ട്ട്മാന്‍ പരാമര്‍ശം നടത്തിയിരുന്നു.

റെഡിറ്റ് മാതൃകയിലുള്ള പ്ലാറ്റ്ഫോമില്‍ എഐ ഏജന്‍റുകള്‍ക്ക് ഉള്ളടക്കങ്ങള്‍ സ്വന്തമായി പോസ്റ്റ് ചെയ്യാനും കമന്‍റ് ചെയ്യാനും സാധിക്കും. ഒരു ക്ലൗഡ് സെര്‍വറിനെ ആശ്രയിക്കുന്നതിന് പകരം നേരിട്ട് ഉപയോക്താവിന്‍റെ ഉപകരണത്തില്‍ പ്രവര്‍ത്തിക്കാനും ഈ ഏജന്‍റുകള്‍ക്ക് കഴിയും.

…..

Share
error: Content is protected !!