സൗദിയിൽ ന്യൂസ് പേജുകളിലൂടെയുള്ള തട്ടിപ്പ് വ്യാപകം; പണം നഷ്ടമായവരെ വീണ്ടും തട്ടിപ്പിനിരയാക്കും – വീഡിയോ

സൗദി അറേബ്യയിൽ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനയും മറ്റു രീതിയിലും തട്ടിപ്പിനിരയാക്കി ബാങ്കുകളിൽ നിന്ന് പണം നഷ്ടപ്പെട്ടവരെ വീണ്ടും പറ്റിക്കുന്ന പുതിയ തട്ടിപ്പ് രീതികൾ നടന്ന് വരുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.

ഇൻ്റർനെറ്റിൽ വ്യാജ വാർത്താ പേജ് നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് സൗദി ബാങ്കുകളുടെ മീഡിയ ആൻഡ് ബാങ്കിംഗ് അവയർനസ് കമ്മിറ്റി വ്യക്തമാക്കി.

രാജ്യത്തെ വിശ്വസനീയമായ പത്രങ്ങളുടേയോ, വാർത്ത സൈറ്റുകളുടേയോ ലോഗോ ഉപയോഗിച്ച് യഥാർത്ത വാർത്ത പേജാണ് എന്ന് തോന്നിപ്പിക്കുംവിധമാണ് വാർത്ത പേജുകൾ സജ്ജീകരിച്ചിട്ടുള്ളത്.

ഈ വാർത്ത പേജുകളിൽ സാമ്പത്തിക തട്ടിപ്പിന് പിടിക്കപ്പെട്ടവരുടെ യഥാർത്ഥ വാർത്തകളും ചിത്രങ്ങളും വളരെ പ്രാധാന്യപൂർവ്വം പ്രസിദ്ധീകരിക്കും.  ഇത്തരം വാർത്തകളിൽ തട്ടിപ്പിനിരയായി പണം നഷ്ടമായവർക്ക് അത് വീണ്ടെടുക്കാൻ സാമ്പത്തിക ക്രിമിനൽ കേസുകളിൽ വിദഗ്ധനായ അഭിഭാഷകരെ ഉപയോഗിച്ചാൽ പണം തിരിച്ച് ലഭിക്കുമെന്നും ഉൾപ്പെടുത്തും.

കൂടാതെ പണം നഷ്ടമായവർക്ക് അത് തിരിച്ചുപിടിക്കാൻ കഴിവുള്ള അഭിഭാഷകനുമായി ആശയവിനിമയം നടത്തുവാൻ, പണം നഷ്ടപ്പെട്ടവരുടെ  വിവരങ്ങൾ നൽകുവാനായി ഒരു ഫോമും ഈ വ്യാജവാർത്ത സൈറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഇൻ്റർനെറ്റ് വഴിയോ മറ്റോ ഏതെങ്കിലും സൈറ്റുകളിലോ വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും, സൈറ്റുകളിൽ കാണുന്ന ലോഗോയും പേരും യഥാർത്ഥ പത്രങ്ങളുടേത് തന്നെയാണോ എന്ന് ഇൻ്റർനെറ്റ് വഴി പരിശോധിക്കണമെന്നും ഈ വ്യാജ വാർത്ത പേജിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഈ വ്യാജ വാർത്ത പേജ് കാണുന്ന പണം നഷ്ടപ്പെട്ട വ്യക്തികൾ, പണം വീണ്ടെടുക്കാനായി അതിൽ കാണിച്ചിരിക്കുന്ന വ്യാജ ഫോമിൽ വിവരങ്ങൾ കൈമാറുന്നതോടെ അയാൾ വീണ്ടും തട്ടിപ്പിനിരയാകും.

നിരവധി മുന്നറിയിപ്പുകളും, തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള വാർത്തകളും ഉൾപ്പെടുത്തിയ വാർത്ത പേജായതിനാലും, പ്രധാന പത്രങ്ങളുടെ ലോഗോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തുന്നതിനാലും, സാധാരണക്കാർ ഇവരെ വിശ്വസിക്കുകയും, യഥാർത്ഥ വാർത്ത പേജാണെന്ന് കരുതി വ്യക്തിഗത വിവരങ്ങൾ കൈമാറാനും സാധ്യത ഏറെയാണ്.

ഇത്തരം തട്ടിപ്പുകളിൽ പെട്ട് പോകാതെ സൂക്ഷിക്കണമെന്ന് സൗദി ബാങ്കുകളുടെ മീഡിയ ആൻഡ് ബാങ്കിംഗ് അവയർനസ് കമ്മിറ്റി പൊതുജനാങ്ങളോട് ആവശ്യപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ

Share
error: Content is protected !!