ദുബായിൽ സുഹൃത്തിൻ്റെ വീട് സന്ദർശിക്കാനെത്തി; സാഹചര്യം മുതലെടുത്തു, ഒടുവിൽ ജയിലിലായി
ദുബായിൽ സുഹൃത്തിന്റെ വീട് സന്ദർശിക്കാനെത്തിയ ഏഷ്യക്കാരാനായ യുവാവിനെ കൊണ്ടെത്തിച്ചത് ജയിലിൽ. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അനധികൃത വസ്തുക്കൾ സൂക്ഷിച്ചതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സുഹൃത്തിന്റെ വീട് ലഹരിവിരുദ്ധ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.
യുവാവ് ചെല്ലുമ്പോൾ സുഹൃത്ത് വീട്ടിലില്ലായിരുന്നു. തുടർന്നു വീട്ടിൽ തന്നെ കാത്തിരിക്കാൻ സുഹൃത്ത് ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ സംഘം വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് ഏഷ്യക്കാരനെ കണ്ടെത്തിയത്. ആ സമയം ഇയാൾ ലഹരിമരുന്നിന്റെ സ്വാധീനത്തിലുമായിരുന്നു. ഉടൻ തന്നെ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.
ആദ്യം ദുബായ് പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കിയ യുവാവിനെ പിന്നീട് ക്രിമിനൽ കോടതിയിലെത്തിച്ചു. പരിശോധനയിൽ ഇയാൾ നിയമവിരുദ്ധമായ ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ റിപ്പോർട്ട് അനുസരിച്ച്, ആ സമയത്ത് അദ്ദേഹം രണ്ടു നിരോധിത പദാർഥങ്ങളുടെ സ്വാധീനത്തിലായിരുന്നു.
അറസ്റ്റിനു തൊട്ടുമുൻപു ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിമരുന്നു കഴിച്ചതായി യുവാവ് സമ്മതിച്ചു. എന്നാൽ, സമാനമായ കേസുകളിൽ താൻ മുൻപ് അറസ്റ്റ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
റിമോട്ട് വിഡിയോ കമ്മ്യൂണിക്കേഷൻ വഴി കോടതിയിൽ നടത്തിയ അന്വേഷണത്തിനു ശേഷം ഏഷ്യക്കാരൻ കുറ്റം സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി ഇദ്ദേഹത്തിന് തടവും പിഴയും ചുമത്തിയ ശേഷം നാട് കടത്താൻ ഉത്തരവിട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക