സൗദിയിൽ നാല് ദിവസം മുൻപ് കാണാതായ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: സൗദിയിലെ റിയാദിൽ മലയാളി യുവാവിനെ കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി പൊതുവാള് പുത്തന്‍വീട്ടില്‍ ശിവകുമാറി (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിഫയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹത്തെ സുലൈയില്‍ എന്ന സ്ഥലത്താണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും സ്പോണ്‍സറും അന്വേഷണം നടത്തിയിരുന്നു. കൂടാതെ സ്പോണ്സര് അല്‍മനാര്‍ പോലീസില്‍ മിസ്സിംഗ് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കാണാതായി നാല് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
ഒന്നരവർഷത്തോളമായി ഇദ്ദേഹം സൗദിയിൽ പ്രവാസിയാണ്. ഏകദേശം രണ്ടുമാസം മുമ്പാണ് ഹൗസ് ഡ്രൈവര്‍ ആയി പുതിയ ജോലിയില്‍ പ്രവേശിച്ചത്. തിരുവനന്തപുരം നാലാഞ്ചിറയിലെ വിജയകുമാര്‍ ശ്യാമള ദമ്പതികളുടെ മകനാണ് മരിച്ച ശിവകുമാർ. അന്‍സിയാണ് ഭാര്യ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഹൃത്തായ മുനവ്വറിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. റിയാദിലെ തിരുവനന്തപുരം ജില്ല കെഎംസിസി നേതാക്കളും സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് നേതാക്കളും നടപടിക്രമങ്ങളിൽ മുനവ്വറിനെ സഹായിക്കുന്നുണ്ട്.


