താമസസ്ഥലത്ത് വളർത്തിയ നായയുടെ കുര ശല്യമായി. അയൽവാസികൾ പരാതിപ്പെട്ടു. ഉടമയായ പ്രവാസി ജയിലിൽ

നായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായി, ഒടുവില്‍ ഉടമസ്ഥന് ജയില്‍ ശിക്ഷ. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. നായയുടെ കുര ശല്യമാകുന്നുവെന്നും സഹിക്കാനാവുന്നില്ലെന്നും അയല്‍ക്കാര്‍ പരാതി നല്‍കിയതോടെയാണ് പ്രവാസിയായ നായയുടെ ഉടമസ്ഥന് കോടതി 10 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കുറ്റത്തിനാണ് ഇയാളെ ശിക്ഷിച്ചത്.

ജിദ്ദയിലെ ഒരു താമസ കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റിന് ഉള്ളിലാണ് ഇയാള്‍ നായയെ വളര്‍ത്തിയിരുന്നത്. ഇതിന് അടുത്ത് താമസിക്കുന്ന രണ്ട് അയല്‍ക്കാരെ നായയുടെ കുര അസ്വസ്ഥമാക്കി. തുടര്‍ന്ന് ഇവര്‍ സുഡാനിയായ പ്രവാസിക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നായ നാശമുണ്ടാക്കുന്നെന്നും അയല്‍ക്കാരെ ഭയപ്പെടുത്തുന്നെന്നും പരാതിയില്‍ പറയുന്നു. കേസ് കോടതിയിലെത്തി. ആരോപണം അടിസ്ഥാന രഹിതമാണെന്നും കെട്ടിടത്തിലെ കുട്ടികള്‍ നായയെ ശല്യപ്പെടുത്തുന്നത് കൊണ്ടാണ് അത് കുരക്കുന്നതെന്നും വാദത്തിനിടെ നായയുടെ ഉടമസ്ഥന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഇരുഭാഗത്തെയും വാദം കേട്ട കോടതി, പൊതു ധാര്‍മ്മികത ലംഘിച്ച കുറ്റത്തിന് പ്രവാസിയെ 10 ദിവസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. കൂടാതെ മറ്റുള്ളവരെ ശല്യപ്പെടുത്തില്ലെന്നും താമസ കെട്ടിടത്തിൽ നായയെ വളര്‍ത്തുന്നത് നിര്‍ത്തുമെന്നും എഴുതി ഒപ്പിട്ടു നല്‍കാനും കോടതി ഉത്തരവിട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!