അതിരുവിട്ട കല്യാണ റാഗിംഗ് മലപ്പുറത്തും
വിവാഹ ദിവസം മണിയറയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ വരനെ തൂക്കിയെടുത്ത് വാഹനത്തില്‍ കയറ്റി വിദൂരത്തുള്ള ഏതെങ്കിലും പ്രദേശത്തേക്ക് കൊണ്ടുപോകുക. മൂന്നോ നാലോ ദിവസം വരനെ കസ്റ്റഡിയില്‍ വെച്ച് വരന്റെ ചിലവില്‍ സുഹൃത്തുക്കള്‍ ആടിത്തിമര്‍ക്കുക. നവവരന് എവിടെ പോയെന്ന് പോലും അറിയാതെ നവ വധുവും കുടുംബവും തീ തിന്നുമ്പോള്‍ അവസാനം വരന്റെ പോക്കറ്റ് കാലിയാക്കി മോചിപ്പിക്കുക.
മലപ്പുറത്ത് യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ നടന്നുവരുന്ന കല്യാണ റാഗിംഗിന്റെ ഒരു ഉദാഹരണമാണു ഇത്. കണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ മാന്യതയുടെയും മര്യാദയുടെയും സീമകള്‍ ലംഘിച്ച് കല്യാണ റാഗിംഗ് ഇപ്പൊഴും തുടരുകയാണ്. മൃഗീയവും ആഭാസകരവുമായ രീതിയിലാണ് പലതും.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ നടന്ന റാഗിംഗിന് സാക്ഷിയായ ഒരു സുഹൃത്ത് അനുഭവം പങ്കുവെയ്ക്കുന്നത് ഇങ്ങിനെ:
തിരൂരങ്ങാടിക്കാടുത്ത് നടന്ന വിവാഹ ചടങ്ങില്‍ വധുവിന്റെ വീട്ടിലേക്ക് പോകാനായി വരനെ വസ്ത്രങ്ങള്‍ അണിയിച്ചും മറ്റും ഒരുക്കുകയാണ് സുഹൃത്തുക്കള്‍. ഇതിനിടയില്‍ പണവും എ.ടി.എം കാര്‍ഡും അടങ്ങിയ വരന്റെ പേഴ്സ് സുഹൃത്തുക്കള്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുന്നു. തുടര്‍ന്നു വധുവിന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയ വരന് തങ്ങളുടെ വാഹനത്തില്‍ കയറണമെന്ന് ആവശ്യപ്പെടുന്നു. ബന്ധുക്കള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നു നേരത്തെ തയ്യാറാക്കിയ വാഹനത്തില്‍ തന്നെ വരന് കയറി. വാഹനം പുറപ്പെട്ടയുടന്‍ റാഗിംഗ് വീരന്മാരായ സുഹൃത്തുക്കള്‍ വാഹനം തടയുന്നു. തങ്ങളുടെ വാഹനത്തില്‍ കയറണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. ബന്ധുക്കളുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നു സുഹൃത്തുക്കള്‍ പിന്മാറുന്നു. (കോഴിക്കോട് ഉള്ള സുഹൃത്തിന്റെ വീട്ടിലേക്ക് തങ്ങളുടെ വാഹനത്തില്‍ വരനെ കൊണ്ടുപോയി, ധരിച്ച വസ്ത്രം മാറ്റിച്ച് വൈകീട്ട് വധുവിന്റെ വീട്ടില്‍ എത്തിക്കാനായിരുന്നുവത്രെ സുഹൃത്തുക്കളുടെ പദ്ധതി).
പദ്ധതി പരാചയപ്പെട്ട സുഹൃത്തുക്കള്‍ വരന്റെ വാഹനത്തെ അനുഗമിച്ച്കൊണ്ട് വധൂഗൃഹത്തില്‍ എത്തി പദ്ധതി പരാചയപ്പെട്ടത്തിലുള്ള അരിശം പരസ്യമായി പ്രകടിപ്പിക്കുകയും വരന്റെ മറ്റ് സുഹൃത്തുക്കളുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെടുകയും ചെയ്തു. വധുവിന്റെ തൊട്ടടുത്ത ബന്ധു കഴിഞ്ഞ ദിവസം മരിച്ചതായും ദയവു ചെയ്തു ഇവിടെ അലങ്കോലമാക്കരുതെന്നും വരനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നു പിന്മാറിയ യുവാക്കള്‍ വരന് തിരിച്ച് പോകുമ്പോള്‍ തങ്ങളോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു. സ്ഥിതി വീണ്ടും അലങ്കോലപ്പെടുമെന്ന് കണ്ട ബന്ധുക്കള്‍ വരനെയും വധുവിനെയും രഹസ്യമായി മറ്റൊരു വാഹനത്തില്‍ കയറ്റി മടങ്ങി.
ഇതില്‍ നിരാശരായ യുവാക്കള്‍ കല്യാണ ഹാളില്‍ നിന്നും തിരിച്ച് വരുന്ന വരനെയും കാത്തു വരന്റെ വീട്ടിലെത്തി. വൈകുന്നേരം വീട്ടിലെത്തിയ വരനെ ബലപ്രയോഗത്തിലൂടെ ‘ഇപ്പോള്‍ വരാം എന്നു പറഞ്ഞു’ തങ്ങളുടെ വാഹനത്തില്‍ കയറ്റി സ്ഥലം വിട്ടു. തിരൂരങ്ങാടിയില്‍ നിന്നും നേരെ എറണാകുളത്തേക്ക്. അവിടെ നക്ഷത്ര ഹോട്ടലില്‍ റൂം എടുത്ത് വരനെ തടഞ്ഞുവെച്ച് ആഘോഷിച്ചു. പിറ്റേ ദിവസം വൈകുന്നേരം സ്ഥലത്തു നിന്നും മുങ്ങിയ വരന് കിട്ടിയ ബസില്‍ നാട്ടിലേക്ക് തിരിച്ചു. (കല്യാണം കഴിഞ്ഞ് വധുവിനെ ഒന്നു കാണാന്‍ പോലും സമ്മതിക്കാതെ വരനെ നാലും അഞ്ചും ദിവസത്തേക്ക് നാടുകടത്താറുണ്ടത്രേ ഇത്തരം സംഘം)
ഭര്‍ത്താവ് എവിടെ പോയി എന്നറിയാതെ വധു ആദ്യരാത്രി മണിയറയില്‍ ഒറ്റയ്ക്ക് കരഞ്ഞു തീര്‍ത്തു. ആശങ്കയുടെ മുള്‍മുനയിലായിരുന്ന പ്രായമായ ഉമ്മയും സഹോദരന്മാരും ബന്ധുക്കളുമെല്ലാം നേരാംവണ്ണം ശ്വാസം വിട്ടത് വരന് തിരിച്ചെത്തിയതോടെയായിരുന്നു. ബന്ധുക്കളെയും നവ വധുവിനെയും തീ തീറ്റിച്ച യുവാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അറിയുന്ന സുഹൃത്തുക്കള്‍ക്കെതിരെ കേസ് വേണ്ടെന്ന നിലപാടാണ് വരന് സ്വീകരിച്ചത്.
തിരൂരങ്ങാടി ചെമ്മാട് പ്രദേശങ്ങളിലുള്ള പണക്കാരുടെയും പ്രമുഖരുടെയും മക്കളാണത്രെ ഈ റാഗിംഗിന് നേതൃത്വം കൊടുക്കുന്നത്. അതുകൊണ്ട് നിയമനടപടി സ്വീകരിച്ചാല്‍ പണിയാകുമെന്ന ഭീതിയാണ് പലര്ക്കുമെന്നാണ് സൂചന. കുടുംബത്തെ അപമാനിച്ച് കല്യാണച്ചെക്കനെ ആദ്യരാത്രി തന്നെ ‘തട്ടിക്കൊണ്ടു’ പോയ വിരുതന്മാരുടെ ഫോട്ടോകള്‍ കൈവശമുണ്ടെന്നും അവര്‍ക്കും മാതാപിതാക്കളും കുടുംബവും ഉണ്ടെന്ന ബോധ്യമുള്ളതിനാല്‍ ഇപ്പോള്‍ പുറത്തു വിടുന്നില്ലെന്നും അനുഭവസ്ഥനായ സുഹൃത്ത് പറഞ്ഞു.
മുതിര്‍ന്നവരെയും ബന്ധുക്കളെയും അവഹേളിക്കുന്ന അതിരുവിട്ട കല്യാണ റാഗിംഗ് എന്ന പേക്കൂത്ത് മലപ്പുറം ജില്ലയിലും സജീവമാകുന്നതായാണ് സമീപകാല അനുഭവങ്ങള്‍. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ യുവാക്കളും സാമൂഹിക സംഘടനകളും രംഗത്ത് വരികയും നിയമ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഈ അനുഭവങ്ങള്‍ പറയുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക