അവധിക്കാലം അവസാനിക്കുന്നു; വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു; മടക്കയാത്രക്ക് നെട്ടോട്ടമോടി പ്രവാസികള്‍
അവധിക്കാലം അവസാനിക്കാറായതോടെ നാട്ടിലെത്തിയ പ്രവാസികള്‍ തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതും ആവശ്യമായ ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ലാത്താതും പ്രവാസികളെ വലക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്താന്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിക്കുകയാണിവര്‍.
ഭൂരിഭാഗം പേരും ഒമാന്‍ വഴി യുഎഇയിലെത്താനാണ് ശ്രമിക്കുന്നത്. കേരള സെക്ടറുകളില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്കിന്റെ പകുതി തുകയ്ക്ക് ഒമാനിലേക്ക് ടിക്കറ്റുകള്‍ ലഭിക്കും. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്കിന് പുറമെ ഒമാന്‍ സന്ദര്‍ശക വിസയും ആവശ്യമാണ്. വേനല്‍ അവധിക്ക് ശേഷം ഓഗസ്റ്റ് അവസാനത്തോടെയാണ് യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുക. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് 1500 ദിര്‍ഹം മുതലാണ് നിരക്ക്. വണ്‍ സ്റ്റോപ്പ് വിമാനങ്ങളില്‍ 1000 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭിക്കും.
കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് 600-700 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ഒമാനിലെ ഓണ്‍ അറൈവല്‍ വിസയെടുത്ത് ബസിന് ദുബൈയില്‍ എത്തിയാല്‍ പോലും ചെലവ് കുറവാണ്. യുഎഇ വിസയുള്ളവര്‍ക്ക് ഒമാനിലെ ഓണ്‍ അറൈവല്‍ വിസ 60 ദിര്‍ഹത്തില്‍ താഴെ ലഭിക്കുകയും ചെയ്യും. താഴ്ന്ന വരുമാനമുള്ള പ്രവാസികള്‍ പലരും ഈ വഴിയാണ് വരുന്നത്. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികളും രംഗത്തെത്തിയിട്ടുണ്ട്. മസ്‌കറ്റ്, സുഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളാണ് പ്രവാസികള്‍ യുഎഇ യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക