ഖത്തറിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി; ഖത്തിൻ്റെ ഏത് തീരുമാനത്തിനും പിന്തുണ പ്രഖ്യാപിച്ച് കിരീടാവകാശി
റിയാദ്: ഖത്തറിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ഫോണിൽ വിളിച്ചാണ് സൗദിയുടെ നിലപാട് അറിയിച്ചത്.
ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഈ ക്രിമിനൽ നടപടിയെ സൗദി ശക്തമായി അപലപിക്കുന്നു. ഖത്തറിലെ സഹോദരങ്ങളെ പിന്തുണയ്ക്കാൻ എല്ലാവിധ കഴിവുകളും സൗദി വിനിയോഗിക്കും. ഖത്തറിൻ്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും സൗദിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിന് നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചതിന് പുറമെ മറ്റ് പല അറബ് രാജ്യങ്ങളും ഈ വിഷയത്തിൽ ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരു ഓൺലൈൻ പ്രസ്താവന പുറത്തിറക്കി. കൂടാതെ, മറ്റ് ചില രാജ്യങ്ങളും ഖത്തറിൻ്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുണ്ടായ ഈ ആക്രമണത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
ഇസ്രായേലിൻ്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് പല അറബ് രാജ്യങ്ങളും കരുതുന്നു. ഇറാൻ, ഇറാഖ്, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും ഇസ്രായേലിൻ്റെ ഈ ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങൾ മേഖലയിലെ സംഘർഷങ്ങൾ വർധിക്കരുതെന്നും സമാധാനപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്നും ആവശ്യപ്പെടുന്നു.


