തീര്‍ഥാടക ലക്ഷങ്ങള്‍ മിനയിലേക്കൊഴുകുന്നു; അറഫ സംഗമം നാളെ – ചിത്രങ്ങൾ
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മിന താഴ്‌വരയിലേക്ക് ഹാജിമാരുടെ ഒഴുക്ക് തുടരുകയാണ്. ബുധനാഴ്ച രാത്രി മുതലാണ് ഹാജിമാർ മിനയിലേക്ക് നീങ്ങിതുടങ്ങിയത്. “ലബ്ബൈക്കല്ലാഹുമ്മ” എന്ന തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല്‍ മുഖരിതമാണ് മിന താഴ്‌വാരം. അറഫ സംഗമമത്തിന് മുന്നോടിയായി വിശ്വാസിയുടെ ശരീരവും മനസ്സും പാകപ്പെടുത്തുന്ന ദിനമായ യൗമുത്തര്‍വിയ (ദുല്‍ഹജ്ജ് എട്ട്) യാണ് ഇന്ന്. ഇന്ന് മുഴുവൻ മിനയിൽ കഴിച്ച് കൂട്ടുന്ന തീർഥാടകർ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനായി നാളെ സുബഹി നിസ്‌കാരത്തിനു ശേഷം അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങിതുടങ്ങും.
ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങായ അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം. പ്രവാചകന്റെ പ്രസംഗത്തെ, ഓർമിപ്പിക്കുന്ന അറഫാ പ്രഭാഷണം വെള്ളിയാഴ്ച ഉച്ചക്ക് നടക്കും. സൗദിയിലെ പണ്ഡിതസഭ അംഗവും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്.
വെള്ളിയാഴ്ച തീർഥാടകർ അറഫ മൈതാനിയിൽ സമ്മേളിക്കുമ്പോൾ, അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ലോകമുസ്ലീംഗൾ നോമ്പെടുക്കും. വെള്ളിയാഴ്ച സൂര്യാസ്തമനത്തിന് ശേഷം തീർഥാടകർ അറഫയിൽ നിന്ന് നീങ്ങി മുസ്ദലിഫ എന്ന ഇടത്താവളത്തിലെത്തും. വെള്ളിയാഴ്ച രാത്രി മുസ്ദലിഫയിൽ തങ്ങുന്ന ഹാജിമാർ ശനിയാഴ്ച വീണ്ടും മിന താഴ്‌വരയിലെത്തും. മിനയിൽ പിശാചിൻ്റെ സ്തൂപമായ ജംറകളിൽ കല്ലെറിയലാണ് പിന്നീടുള്ള ചടങ്ങുകൾ. തുടർന്നുള്ള ദിവസങ്ങളിൽ ഹജ്ജ് തീരുന്നത് വരെ തീർഥാടകർ മിനയിലാണ് കഴിച്ച് കൂട്ടുക.
മക്കയിലെ ഹറം പള്ളിക്ക് കിഴക്കായാണ് തമ്പുകളുടെ നഗരമായ മിന സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്യഭൂമി കൂടിയാണ് മിന താഴ്‌വര. മക്കയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അറഫയിലേക്കുള്ള വഴിയിലാണ് ടെന്റ്‌സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന മിന നഗരി. അറഫാത്തിലെ ജബല്‍ അല്‍-റഹ്‌മയില്‍ നിന്ന് ആരംഭിച്ച് മുസ്ദലിഫയിലൂടെ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ കാല്‍നട പാത മിനയിലാണുള്ളത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മിനയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം



