അഞ്ച് മക്കളോടൊപ്പം ഉംറക്ക് എത്തിയ 90 കാരി ഉമ്മ മക്കയിൽ മരണപ്പെട്ടു; കൊടുവള്ളിയിൽ നിന്ന് പുറപ്പെട്ട ഉമ്മക്ക് മക്കയിലെ ജന്നത്തുൽമുഅല്ലയിൽ അന്ത്യവിശ്രമം

മക്ക: അഞ്ച് മക്കളോടൊപ്പം മക്കയിൽ ഉംറക്കെത്തിയ 90 കാരി ഉമ്മ മക്കയിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചു. കോഴിക്കോട് സൗത്ത് കൊടുവള്ളി സ്വദേശിനി കാക്കുംപുറം മറിയമാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് തൻ്റെ മക്കളോടൊപ്പം ഉംറ നിർവ്വഹിക്കുവാൻ ഇവർ മക്കയിലെത്തിയത്. ഞായാറാഴ്ച മദീന സന്ദർശനത്തിന് പോകുവാനുള്ള ഒരുക്കങ്ങൾ നടന്ന് വരുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കയിലെ അജിയാദിലുള്ള താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളുമാണ് ഇവരുടെ കൂടെ ഉംറക്കെത്തിയത്.

ഉമ്മയുടെ മരണത്തെ കുറിച്ച് മക്കൾ ഇങ്ങിനെ പറഞ്ഞു:

“ഉമ്മയുടെ ഏറ്റവും വലിയ ആഹ്രമായിരുന്നു പുണ്യഭൂമിയിലെത്തി ഉംറ നിർവ്വഹിക്കുക എന്നത്. ദൈവത്തിന് സ്തുതി. ഉമ്മക്ക് അത് സാധിച്ചിരിക്കുന്നു. 18 വർഷം മുമ്പാണ് ഉപ്പ മരിച്ചത്. ഉമ്മക്ക് 90 വയസ്സായെങ്കിലും, ഉമ്മയുടെ എല്ലാ കാര്യങ്ങളും ഉമ്മ തന്നെ സ്വന്തമായി ചെയ്യും.

ഞങ്ങൾ ഉംറക്ക് പോകുന്നു എന്ന് അറിയിച്ചപ്പോൾ ഉമ്മയും കൂടെ പോരാൻ ആഗ്രഹം പ്രകടിപ്പിച്ചു. പിന്നെ ഒന്നും ചിന്തിച്ചില്ല. ഞങ്ങളുടെ കൂടെ കൊണ്ടുപോന്നു.” – മക്കൾ പറഞ്ഞു.

 

മക്കയിലെ സാമുഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ ഫേസ് ബുക്കിൽ കുറിച്ചു:

“മരണവിവരം ഒരു സുഹൃത്ത് വിളിച്ച് അറിയിച്ചു.. ഉടനെ ഞാൻ സ്ഥലത്തെത്തി. ആവശ്യമായ സഹായങ്ങൾ മുഴുവൻ ചെയ്തുകൊടുത്തു. ഉമ്മയുടേയും മക്കളുടേയും ആഗ്രഹം പോലെ, ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കാനുള്ള അനുമതിയും ലഭിച്ചു. മക്കൾ പാസ്പോർട്ട് കയ്യിൽ തന്നപ്പോൾ നേരേ ജനനതിയ്യതി നോക്കുമ്പോഴാണ് സത്യത്തിൽ അത്ഭുതപ്പെട്ടത്. ഇത്രയുംപ്രായമായിട്ടും ഒരു ആരോഗ്യപ്രശ്നവും ഇല്ലാതെ വിശുദ്ധഭൂമിയിൽ എത്തുകയും… ഉംറ നിർവ്വഹികുകയും ചെയ്തുവെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.
താമസ സ്ഥലത്ത് നിന്നും മൃതദേഹം കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ എത്തിച്ചു. എമർജൻസി വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ചപ്പോൾ, ഡോക്ടറും ما شاء الله ഈ പ്രായത്തിൽ ഉംറക്ക് വരുകയോ എന്ന് അത്ഭുതത്തോടെ ചോദിച്ചു. മോർച്ചറിയിൽ എത്തിയപ്പോഴും ഉദ്യോഗസ്ഥർക്ക് പറയാൻ ഉള്ളതും പ്രായത്തിന്റെ കാര്യം തന്നെ. ഹോസ്പിറ്റലിൽനിന്നും മയ്യിത്ത് അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. തൗഹീദ്‌ പള്ളിയിൽ കൊണ്ട് പോയി മൂന്ന് പെൺ മക്കൾക്കും മയ്യിത്ത് കുളിപ്പിക്കാനുള്ള അവസരവും ഒരുക്കികൊടുത്തു. ജുമുഅക്ക് മുമ്പ് ഹറം പള്ളിയിലെത്തിച്ചു. ജുമുഅ നമസ്കാരത്തിന് ശേഷം ലക്ഷങ്ങൾ പങ്കെടുത്ത മയ്യിത്ത് നമസ്ക്കാരം പൂർത്തിയാക്കി. ശേഷം ജന്നത്തുൽ മുഅല്ലയിൽ ഞാനും മകനും കുടി ബ്ലോക്ക് നമ്പർ 36 ൽ 258 മത്തെ ഖബറിലേക്ക് ഇറക്കിവെച്ചു.
എല്ലാറ്റിനും സാക്ഷിയായി മക്കളായ ഹാരിസ് , അശ്റഫ്, ആയിശ,കദീജ,ആമിന എന്നിവരുണ്ടായിരുന്നു. ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്ന മരണം.. വെള്ളിയാഴ്ച രാവിൽ. ഖബറടക്കം ജുമുഅക്ക് ശേഷം. ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം” – മുജീബ് പൂക്കോട്ടൂർ ഫേസ് ബുക്കിൽ കുറിച്ചു.
Share
error: Content is protected !!