പെണ്‍വാണിഭ കേന്ദ്രത്തില്‍ പരിശോധന; 19 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭ കേന്ദ്രം കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന 19 പേരെ അറസ്റ്റ് ചെയ്‍തു. ഏഷ്യക്കാരായ പ്രവാസികളുടെ നേതൃത്വത്തിലാണ് സാല്‍മിയയില്‍ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അറസ്റ്റ് ചെയ്‍ത 19 പേരില്‍ 16 പേര്‍ സ്‍ത്രീകളും മൂന്ന് പേര്‍ പുരുഷന്മാരുമാണ്. അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റൊരു പ്രവാസി വനിതയും പരിശോധനകള്‍ക്കിടെ അറസ്റ്റിലായി. ശര്‍ഖില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. അന്താരാഷ്‍ട്ര പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്‍ത്രീയെയാണ് പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രണ്ട് സംഭവങ്ങളിലായി പിടികൂടിയ 20 പ്രവാസികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കുറ്റത്തിന് ഒന്‍പത് പ്രവാസികള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

ഇവരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ച് പ്രചരിപ്പിക്കുയും ചെയ്തു. അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് നിരവധി സെക്സ് ടോയ്സും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം അനാശാസ്യ പ്രവര്‍ത്തനങ്ങളും മറ്റ് നിയമലംഘനങ്ങളും നടത്തിയ 80 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും പൊതുസാന്മാര്‍ഗികത ലംഘിക്കുകയും ചെയ്ത കുറ്റത്തിന് 20 പുരുഷന്‍മാരെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു. ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 51 വിദേശികള്‍ അറസ്റ്റിലായി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!